കല്പറ്റ: കല്പറ്റ ബൈപ്പാസ് റോഡില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശമാകെ ഭീതിയിലായി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ബൈപ്പാസ് റോഡിലൂടെ പുലിയും രണ്ടു കുട്ടികളും റോഡ് മുറിച്ചുകടന്നത്. ഈ വഴി വരികയായിരുന്ന ഓട്ടോ ഡ്രൈവറാണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്.
കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നിന്നും മൈലാടിക്കുന്ന്, ഗൂഡലായിക്കുന്ന്, അറവുശാല റോഡ് എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്ന വഴിയിലാണ് പുലി ഇറങ്ങിയത്. പുലിയിറങ്ങിയെന്നറിഞ്ഞതോടെ രക്ഷിതാക്കളെത്തിയ ശേഷമാണ് കുട്ടികളെ വിട്ടയച്ചത്. ഡിസംബര്‍ അവസാനമാണ് ഗൂഡലായിക്കുന്നില്‍ പുലിയിറങ്ങിയത്. ആഴ്ചകളോളം പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ പുലിയെ ജനുവരി 18-നാണ് കൂടുവെച്ച് പിടിച്ചത്. എന്നാല്‍ അന്ന് കൂട്ടിലകപ്പെട്ട പുലി നാട്ടിലിറങ്ങിയ പുലി അല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. നാട്ടിലിറങ്ങിയ പുലിയോടൊപ്പം രണ്ടു കുട്ടികളും ഉണ്ടായിരുന്നെന്നും പ്രായവും വലിപ്പവും കൂടുതല്‍ ഉണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. അതിന്റെ ചിത്രം തങ്ങള്‍ പകര്‍ത്തിയതാണെന്നും നാട്ടുകാര്‍ അവകാശപ്പെട്ടിരുന്നു. നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പുലിക്കുട്ടികള്‍ക്കായി തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കൂട്ടിലകപ്പെട്ട പുലി തന്നെയാണ് നാട്ടിലിറങ്ങിയതെന്ന് വനം വകുപ്പും കരുതി.
Post Your Comments