തിരുവനന്തപുരം: ഇടതുപക്ഷത്തിന് വിലയിടാന്‍ രാജ്യത്ത് ഒരു പണച്ചാക്കും ധൈര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇടതുപക്ഷം രാജ്യത്ത് അത്ര ശക്തമല്ലല്ലോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഇടതുപക്ഷസാന്നിധ്യം എന്ത് മാറ്റമുണ്ടാക്കുമെന്ന് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കണ്ടതാണ്. അന്ന് ജനക്ഷേമകരമായ ഒട്ടേറെ തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ ഇടതുപക്ഷ ഇടപെടല്‍ വഴിയൊരുക്കി. ആ വഴിക്കാണ് ഇന്ന് ദേശീയ രാഷ്ട്രീയം തിരിഞ്ഞിരിക്കുന്നത്. കെഎസ്ടിഎ സംസ്ഥാന പൊതുസമ്മേളനം ഇ കെ നായനാര്‍ പാര്‍ക്കില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിടുന്ന വിപത്തുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. മോഡിക്കും കൂട്ടര്‍ക്കും ഒരിക്കല്‍ക്കൂടി രാജ്യത്തിന്റെ നിയന്ത്രണം കൈവന്നാല്‍ മതനിരപേക്ഷതയും ജനാധിപത്യവും തകരും. ഇത്തരം ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്കാരമാണ് കേരളത്തിന്റേത്. അത് നിലനിര്‍ത്താനാകണം. കോടികള്‍ വിലയിടുന്നതിന് അനുസരിച്ച് രാഷ്ട്രീയനിലപാട് എടുക്കുന്ന ആഭാസന്മാര് പ്രത്യേക രാഷ്ട്രീയത്തിന്റെ ഭാഗമായി നിലകൊള്ളുന്നുണ്ട്. അവര്‍ ഒരിക്കലും ജനപ്രതിനിധികളായി വന്നുകൂടാ. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം.
Post Your Comments