കൊച്ചി: പാലാരിവട്ടത്ത് സാനിറ്ററി ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ വന്‍ തീപിടിത്തം. പാലാരിവട്ടം സൗത്ത് ജനത റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രോക്സി ഹോം െസ്റ്റെല്‍ ട്രേഡിന്റെ ഗോഡൗണിനും ഓഫീസിനുമാണ് തീപിടിച്ചത്. ഓഫീസ് പ്രവര്‍ത്തിക്കുന്ന ഇരുനിലവീടിനോട് ചേര്‍ന്ന് പണിതിരുന്നതായിരുന്നു ഗോഡൗണ്‍. ഗോഡൗണില്‍ നിന്ന് ഉയര്‍ന്ന തീ ജനാലച്ചില്ലുകള്‍ തകര്‍ത്ത് ഓഫീസ് മുറിയിലേക്കും പടരുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് നിര്‍മിത ഫ്ളഷ് j;ടാങ്കുകളും സിങ്ക് ടാപ്പും ക്ലോസറ്റുകളുമൊക്കെ തീപിടിച്ച് നശിച്ചു. നക്ഷത്രഹോട്ടലുകളിലേക്കുള്ള സാനിറ്ററി ഉപകരണങ്ങളാണ് കത്തിനശിച്ചതെന്നാണ് അറിയുന്നത്. ഗോഡൗണില്‍ ഏറെയും പ്ലാസ്റ്റിക് സാധനങ്ങളായിരുന്നതിനാല്‍ വളരെ വേഗത്തില്‍ തീ പടര്‍ന്നു. ഗോഡൗണിന്റെ ഭിത്തിയും ജനാലയും കത്തിയമര്‍ന്ന ശേഷമാണ് തീ ഓഫീസ് മുറിയിലേക്കും പടര്‍ന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളും ഓഫീസ് ഉപകരണങ്ങളും കത്തിനശിച്ചു.
വിവിധ ഫയര്‍സ്റ്റേഷനുകളില്‍ നിന്നായി ആറ് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ ആളിപ്പടര്‍ന്ന വിവരം അറിഞ്ഞ് പ്രദേശത്ത് വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments