നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ സൃഷ്ടിക്കുക എന്നതല്ലെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തകര്‍ന്നു പോയതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ കേരളത്തെ സൃഷ്ടിക്കുക അഥവാ നവ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭവന നിര്‍മാണ വകുപ്പ് , ജില്ലാ നിര്‍മ്മിതി കേന്ദ്രം, തൃക്കരിപൂര്‍ എഞ്ചിനീയറിംഗ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലും സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയും നടത്തിയ ‘നവ കേരളത്തിന് പുതിയ ഭവന സാക്ഷരത’ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലകളിലെ കേരള സമൂഹത്തിന്റെ പോരായ്മകളെയും കുറവു കളെയും നികത്തിയാണ് നവ സൂഹത്തെയും നവ കേരളത്തെയും സൃഷ്ടിക്കേണ്ടത്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ ജാതി മത ചിന്തകള്‍ മറന്ന് നമ്മള്‍ ഒറ്റക്കെട്ടായി നിന്നു. കേരളത്തിന്റെ ചെറുത്ത് നില്‍പ് ലോകം മുഴുവന്‍ അഭിനന്ദിച്ചിരുന്നു. നവകേരളത്തിന്റെ സൃഷ്ടിയില്‍ ഭവന നിര്‍മാണം ഏറെ പ്രധാനപ്പെട്ടതാണ്. തനിക്ക് എന്തും ആകാമെന്ന ധാര്‍ഷ്ട്യത്തോടെയുള്ള മനുഷ്യന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ഷോഭത്തിന് കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2,55,300 ല്‍ അധികം വീടുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. സാങ്കേതിക വൈധഗ്ധ്യവും ശാസ്ത്ര ബോധവും ഉള്‍ക്കൊണ്ട് എങ്ങനെ നവകേരളത്തെ പടുത്തുയര്‍ത്താം എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ പരിശോധനയില്‍ പല ഭൂമികളും വാസയോഗ്യമല്ലാത്തവയായി കണ്ടെത്തിയിട്ടുണ്ട്. ഏത് ഭൂമിയാണ് വാസയോഗ്യം, ഇനിയൊരു ദുരന്തുണ്ടായാല്‍ എങ്ങനെ വീടുകളുടെ തകര്‍ച്ച പരമാവധി കുറയ്ക്കാം, ഭവന നിര്‍മാണത്തിന് ഏത് തരത്തിലുള്ള നിര്‍മ്മിതിയാണ് അനുയോജ്യം തുടങ്ങിയവയെക്കുറിച്ച് ആഴത്തില്‍ പഠിച്ചതിന് ശേഷമുള്ള നിര്‍ദേശങ്ങളും കണ്ടത്തലുകളും നവ കേരളത്തിനായി പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ പോളിടെക്‌നിക്കുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ എഞ്ചിനീയിംഗ് കോളേജ് എച്ച് ഒ ഡി:പി റിനിത ശില്‍പശാല ആമുഖപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, തൃക്കരിപ്പൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.വിനോദ് പൊട്ടക്കുളത്ത്, എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി മുഹമ്മദ് ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് ഹൗസിംങ്ങ് ബോര്‍ഡ് കമ്മീഷണര്‍ ആന്റ് സെക്രട്ടറി ബി അബ്ദുള്‍ നാസര്‍ സ്വാഗതവും സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ നന്ദിയും പറഞ്ഞു.
Post Your Comments