മരട്: ഇഞ്ചയ്ക്കല്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി കായലിലെറിഞ്ഞ കത്തി പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ മരട് പോലീസിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ മിനി ബൈപ്പാസിന് സമീപം കായലില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരാണ് കത്തി കണ്ടെടുത്തത്. പരിശോധനാ വിവരമറിഞ്ഞ് നിരവധിയാളുകളാണ് രാവിലെ മുതല്‍ ഇവിടെ തടിച്ചുകൂടിയത്.
കഴിഞ്ഞദിവസം പ്രതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവത്തില്‍ തമ്പാന്‍ കോളനിയില്‍ കൈത്തക്കത്തറ ജോണ്‍സണ്‍ സേവ്യറിനെ (31) കഴിഞ്ഞദിവസം മരട് പോലീസ് പിടികൂടിയിരുന്നു. ബുധനാഴ്ച ബംഗളൂരുവില്‍ നിന്നാണ് മരട് എസ്.ഐ. ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.മരട് ഇഞ്ചയ്ക്കല്‍ മട്ടലിപ്പറമ്പില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അനിലാണ്; (42) കുത്തേറ്റ് മരിച്ചത്. ആക്രമണം നടത്തിയ ശേഷം ജോണ്‍സണ്‍ (30) ഒളിവിലായിരുന്നു.
മൂന്നാം തീയതി വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. മേയ്‌സണ്‍ തൊഴിലാളികളും സുഹൃത്തുക്കളുമായ അനിലും ജോണ്‍സണും സംഭവ ദിവസം ഉച്ചമുതല്‍ അനിലിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. വൈകീട്ട് ഏഴരയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം മൂര്‍ച്ഛിച്ച് ആക്രമണത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ജോണ്‍സണ്‍ ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം കത്തി തൃപ്പൂണിത്തുറ മിനി ബൈപ്പാസ് പാലത്തില്‍ നിന്ന് കായലിലേക്കെറിഞ്ഞതായും പ്രതി പോലിസിനോട് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ അനിലിന്റെ വൃദ്ധരായ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മരട് പോലിസും ചേര്‍ന്ന് അനിലിനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനായിരുന്നു അനില്‍.2007-ല്‍ നെട്ടൂര്‍ സ്വദേശിയായ യുവാവിനെ കുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒന്നരവര്‍ഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജോണ്‍സണ്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.
Post Your Comments