Latest NewsIndia

തെരെഞ്ഞെടുപ്പ് അവലോകനം; കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍മാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ രാഹുല്‍ വിളിച്ച പി.സി.സി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗം ഇന്ന് ചേരും. രാവിലെ 10.30ന് ജി.ആര്‍.ജി റോഡ് വാര്‍ റൂമിലാണ് യോഗം ചേരുന്നത്. ജനമഹാ യാത്രയിലായതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കില്ല.

സംസ്ഥാനത്തെ സാഹചര്യങ്ങളും സഖ്യ സാധ്യതകളും പ്രചാരണ ഒരുക്കങ്ങളും നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം. പി.സി.സി അധ്യക്ഷന്‍മാര്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വിളിച്ച ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് ചേരുന്ന പി.സി.സി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരിക്കും കാര്യങ്ങള്‍ വിശദീകരിക്കുക.ശേഷം ജനറല്‍ സെക്രട്ടറിമാര്‍ക്ക് നല്‍കിയതുപോലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഹൈക്കമാന്റ് തയ്യാറാക്കിയ മാര്‍ഗരേഖ വിശദീകരിക്കും. ജാതി -മത- ഗ്രൂപ്പ് ഇടപെടലുകള്‍ മാറ്റിവച്ച് വിജയ സാധ്യത മാത്രം മാനദണ്ഡമാക്കണമെന്ന് യോഗങ്ങളിലെല്ലാം രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button