ചെങ്ങന്നൂര്‍: ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മാല കവര്‍ന്ന സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. ആറന്മുള മാലക്കര തോണ്ടുതറയില്‍ ലിജു സി. മാത്യു (23), മുളക്കുഴ കാരക്കാട് ആര്യഭവനില്‍ അഖില്‍ (23) എന്നിവരെയാണ് ചെങ്ങന്നൂര്‍ സി.ഐ എം.സുധിലാല്‍, എസ്.ഐ എസ്. വി ബിജു എന്നിവരുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്.
ആലപെണ്ണുക്കര ദേവീക്ഷേത്രത്തിനു സമീപം ശ്രീകാര്‍ത്തികയില്‍ ഗണേഷ് കരുണാകരന്‍ നായരെ (39)യാണ് സംഘം ആക്രമിച്ച് ഒന്‍പതര പവന്‍ തൂക്കമുള്ള സ്വര്‍ണമാല തട്ടിയെടുത്തത്. ചൊവ്വാഴ്ച രാത്രി 10മണിയോടെ പെണ്ണുക്കര പളളിമുക്ക് റോഡിലാണ് സംഭവം.
ചെങ്ങന്നൂര്‍ ടൗണില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന ഗണേശിനെ പെണ്ണുക്കര മര്‍ത്തോമ്മ പളളിയുടെ സമീപം വെച്ച് മറ്റൊരു ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഗണേശിന്റെ കൈയ്യില്‍ പതിച്ചിരിക്കുന്ന ടാറ്റു എവിടെയാണ് ചെയ്തതെന്ന് ചോദിച്ചശേഷം പ്രതികള്‍ കൈയ്യില്‍ കരുതിയ മുളകുപൊടി മുഖത്തുവിതറി ഗണേശിനെ മര്‍ദ്ദിച്ചു. ഇതിനിടെ ഗണേശിന്റെ കഴുത്തില്‍കിടന്ന മാല ലിജു പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ഗണേശ് ഈ ശ്രമം തടഞ്ഞതോടെ ബൈക്കില്‍ നിന്നും ചവിട്ടി റോഡിലിട്ടശേഷം മാലപൊട്ടിച്ച് ബൈക്കില്‍ രക്ഷപെടുകയായിരുന്നു. മാല പൊട്ടിച്ചെടുക്കാനുളള ശ്രമത്തിനിടെ ഗണേശിന്റെ കരച്ചില്‍കേട്ടെത്തിയ നാട്ടുകാര്‍ ഗണേശിനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക ടീമായിട്ടാണ് അന്വേഷണം ആരംഭിച്ചത്.
ഗണേശ് സഞ്ചരിച്ച വഴികളിലെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലിജുവിനെ കൊല്ലത്തുനിന്നും അഖിലിനെ ചെങ്ങന്നൂരില്‍ നിന്നുമാണ് കഴിഞ്ഞദിവസം രാവിലെ പിടികൂടിയത്്. ഗണേശിന്റെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്തമാല ഇതിനോടകം തന്നെ പ്രതികള്‍ ചെങ്ങന്നൂരിലെ ഒരു ജൂവലറിയില്‍ ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് വിറ്റിരുന്നു. ഇവര്‍ മോഷണത്തിനായി സഞ്ചരിച്ച ബൈക്കും തൊണ്ടിമുതലും പോലീസ് കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments