തിരുവനന്തപുരം•തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച സുപ്രീം കോടതി മുമ്പാകെയുള്ള കേസിൽ ഇടപെടാൻ ദേവസ്വം കമ്മീഷണറെയും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷനെയും ആര് ചുമതലപെടുത്തിയെന്നും എന്തുകൊണ്ട് സ്വതന്ത്ര പരമാധിയകര സ്ഥാപനമായ ബോർഡിൻറെ അധ്യക്ഷനെ മാറ്റി നിർത്തി എന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളുടെയും ക്ഷേത്ര ഭരണത്തിന്റെയും ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാർ മാധ്യമ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.ഏത് സാഹചര്യത്തിൽ, എന്ത് കാരണത്താൽ ദേവസ്വം ബോർഡ് പ്രേസിടെന്റിന്റെ അധികാരം സർക്കാർ കവർന്നെടുത്തു എന്നും ദേവസ്വം കമ്മീഷണറെയും റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനെയും ഡൽഹിയിൽ പോകാൻ ചുമതലപെടുത്തിയെന്ന് സർക്കാർ വെളിപ്പെടുത്തണം.
അതിനായി നടത്തിയ ഡൽഹി യാത്രയുടെ ചെലവുകൾ ആര് വഹിച്ചു എന്നും അറിയിക്കണം; കുമാർ ആവശ്യപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ട ദേവസ്വം ബോർഡ് പ്രസിഡന്റ് ആത്മാഭിമാനമുണ്ടെങ്കിൽ ഇനിയെങ്കിലും രാജി എഴുതികൊടുക്കാനുള്ള അന്തസും ആർജ്ജവവും കാട്ടണം. നീക്കം ചെയ്യാൻ സർക്കാരിന് അധികാരമില്ലാത്തതിനാലാണ് അദ്ദേഹത്തെ പാവയാക്കി നിർത്തി സർക്കാർ കാര്യങ്ങൾ നടത്തുന്നത്.
കുംഭ മാസ പൂജകൾക്ക് നട തുറക്കാൻ ഇനി ഒരാഴ്ച്ച മാത്രമുള്ളപ്പോൾ ശബരിമലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കാനാണ് സർക്കാർ നീക്കം. ക്ഷേത്ര ധ്വംസനത്തിനുള്ള സിപിഎം അജണ്ട നടപ്പിലാക്കാനുള്ള പിണറായി സർക്കാരിന്റെ ഗൂഡനീക്കം ജനം തിരിച്ചറിയുമെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ബിജെപി വക്താവ് പ്രസ്താവിച്ചു.
സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ഒരു തീരുമാനവും പാർട്ടി കൈകൊണ്ടിട്ടില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ ഭാവനാ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി.
Post Your Comments