തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ 248 കായികതാരങ്ങളെ നിയമിക്കാന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2010 മുതല്‍ 2014 വരെയുള്ള അഞ്ചു വര്‍ഷം കായികതാരങ്ങള്‍ക്ക് സംവരണം ചെയ്ത തസ്തികകള്‍ നികത്താനാണിത്. രണ്ടു മാസത്തിനകം നിയമനം നല്‍കി തുടങ്ങും. റാങ്ക്ലിസ്റ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കായിക വകുപ്പ് ഡയറക്ടറേറ്റിന്റെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു.
മെയിന്‍ ലിസ്റ്റിലും റിസര്‍വ് ലിസ്റ്റിലുമായി 409 പേരടങ്ങുന്നതാണ് റാങ്ക് പട്ടിക. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിയ നിയമനമാണ് ഇപ്പോള്‍ നടത്തുന്നത്. ഒരു വര്‍ഷം 50 നിയമനം എന്നതു പ്രകാരം അഞ്ചു വര്‍ഷത്തേക്ക് 250 പേരെയാണ് നിയമിക്കേണ്ടത്. ഒരു തസ്തികയില്‍ ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി ആര്‍ ശ്രീജേഷിന് നേരത്തെ നിയമനം നല്‍കി. ഒരു തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ മാറ്റിവച്ചു.
ഓരോ വര്‍ഷത്തെയും പട്ടിക പ്രത്യേകമാണ് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിഗതം, ടീമിനം എന്നിങ്ങനെ പട്ടികയില്‍ വേര്‍തിരിവുണ്ട്. വ്യക്തിഗത ഇനങ്ങളില്‍ നിന്നുള്ള 25 പേര്‍ക്കും ടീമിനങ്ങളില്‍നിന്നുള്ള 25 പേര്‍ക്കുമാണ് ഓരോ വര്‍ഷവും ജോലി നല്‍കുക. ചിലര്‍ ഒന്നിലേറെ വര്‍ഷങ്ങളിലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏതു ലിസ്റ്റിലാണോ ആദ്യം ഉള്‍പ്പെട്ടത് എന്ന മുന്‍ഗണനയിലാകും അവര്‍ക്ക് നിയമനം നല്‍കുക.
Post Your Comments