കോഴിക്കോട് : സാഹിത്യ ആക്കാദമിയുടെ ഡയറിയില്‍ നിന്നും മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയതില്‍ പിഴവ് ഏറ്റുപറഞ്ഞ് സാഹിത്യ അക്കാദമി. കേരളം ഓര്‍മ്മസൂചിക 2019′ എന്ന പേരില്‍ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മന്നത്ത് പത്മനാഭനെ ഉള്‍പ്പെടുത്താതിരുന്നത്.
കേരള സാഹിത്യ ആക്കാദമി മന്നത്ത് പത്മനാഭനെ അവഗണിച്ചുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആരോപണത്തെ തുടര്‍ന്ന് വിഷയം വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി സാഹിത്യ അക്കാദമി തന്നെ രംഗത്തെത്തിയത്. മന്നത്ത് പത്മനാഭന്റെ ചിത്രം ബോധപൂര്‍വം ഒഴിവാക്കിയതല്ലെന്നും പിഴവ് സംഭവിച്ചതാണെന്നുമാണ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മന്നത്ത് പത്മനാഭനോട് സാഹിത്യ അക്കാദമിക്ക് അങ്ങേയറ്റത്തെ ആദരവുണ്ട്. അക്കാലത്ത് തന്നെ ജാതിപ്പേര് ചേര്‍ക്കാതെ പേര് എഴുതിയ ആളാണ് അദ്ദേഹം. അതുപോലെ തന്നെ നമ്പൂതിരി സംബന്ധം ഉള്‍പ്പെടെ നിര്‍ത്തലാക്കാന്‍ ശ്രമിച്ച ആളാണ്. അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തേണ്ടതു തന്നെയായിരുന്നു. ഇത് എഡിറ്റര്‍മാര്‍ക്ക് പറ്റിയ ചെറിയ ഒരു പിഴവാണ്.
മന്നത്തിനെ മാത്രമല്ല കേസരി ബാലകൃഷ്ണപ്പിള്ളയെയും മക്തി തങ്ങളെയും ഉള്‍പ്പെടുത്തിയിട്ടില്ല. അങ്ങനെ ഇനിയും ഉള്‍പ്പെടുത്തേണ്ട കുറച്ചുപേര്‍ കൂടി ഉണ്ട്. അടുത്ത തവണ ഇറക്കുമ്പോള്‍ ഈ കുറവ് പരിഹരിച്ച് ഇറക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഒരിക്കലും അദ്ദേഹത്തെ സാഹിത്യ അക്കാദമി അവഗണിച്ചതല്ല. അത് ഒരു പിഴവ് മാത്രമാണ് വൈശാഖന്‍ പറഞ്ഞു
Post Your Comments