Latest NewsArticle

കുഞ്ഞനന്തന്റെ പരോള്‍; പൊളിച്ചടുക്കപ്പെടുന്ന സര്‍ക്കാര്‍ തിരക്കഥ

ഐ.എം  ദാസ്‌

നിലനില്‍പ്പിന് വേണ്ടിയോ അബദ്ധവശാല്‍ കുറ്റം ചെയതോ തടവറയില്‍ അകപ്പെട്ടവരുടെ മാനസികാവസ്ഥയും അവരുടെ കുടുംബങ്ങളുടെ ഗതികേടും സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കാണുന്നവരാണ് നാം. നിരപരാധികളായിട്ടും നിയമത്തിന്റെ കണ്ണില്‍ കുറ്റവാളികളായവരുമുണ്ട് ഇക്കൂട്ടത്തില്‍ . കുടുംബത്തിലെ ഒഴിച്ചുകൂടാനാകാത്ത സന്ദര്‍ഭങ്ങൡ പങ്കെടുക്കാന്‍ പോലും പരോള്‍ കിട്ടാതെ നീറിനീറിക്കഴിയുന്നവര്‍ക്കിടയില്‍ ഒരു കൊടും കുറ്റവാളിക്ക് യാതൊരു മാനദണ്ഡവുമില്ലാതെ പരോള്‍ അനുവദിച്ചുകിട്ടുന്ന കാഴ്ച്ചയാണ് സാംസ്‌കാരിക പ്രബുദ്ധ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അമ്പത്തിയൊന്ന് വെട്ടിലും തീരാത്ത പകകൊണ്ട് ഒരു ജീവനെടുത്ത കേസിലെ പ്രതിയാണ് സഖാവ് കുഞ്ഞനന്തന്‍. പക്ഷേ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇദ്ദേഹത്തിന് പരോള്‍വസന്തം തീര്‍ത്ത് സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. 2014 ജനുവരിയില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് 384 ദിവസമാണ് പരോള്‍ ജീവിതം ആഘോഷിക്കാനായത്.

ഇറങ്ങുന്നത് ചികിത്സക്ക്, പ്രവര്‍ത്തനം പാര്‍ട്ടിയില്‍

ഇല്ലാത്ത ചികിത്സയുടെ പേര് പറഞ്ഞാണ് കുഞ്ഞനന്തന്‍ പരോളിലിറങ്ങുന്നത്. എന്നാല്‍ രോഗത്തിന്റെ പേരില്‍ പുറത്തിറങ്ങുന്ന ഇയാള്‍ പങ്കെടുക്കാത്ത പാര്‍ട്ടി പരിപാടികളില്ലെന്നും ഹര്‍ജിക്കാരായ കെകെ രമ ചൂണ്ടിക്കാണിച്ചിരുന്നു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്‌നമാണെന്നും അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി ഇക്കുറിയും കുഞ്ഞനന്തനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ശരീരത്തിലെ ഒരുഭാഗം പോലും അസുഖമില്ല്ാതില്ല എന്നായിരുന്നു കുഞ്ഞനന്തന്റെ വാദം. എന്നാല്‍ അതിന് പരോളിന്റെ ആവശ്യമെന്താണെന്ന് വ്യക്തമാക്കണമെന്ന നിലപാടിലായിരുന്നു കോടതി. കേരളത്തില്‍ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്‌നമാണെന്നും അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട് .

സര്‍ക്കാര്‍ അഭിഭാഷകന് കോടതിയുടെ താക്കീത്

ശിക്ഷ താല്‍കാലികമായി തടഞ്ഞ് ചികിത്സക്ക് അനുമതി നല്‍കണമെന്നാണ് കുഞ്ഞനന്തന്റെ ആവശ്യം. കുഞ്ഞനന്തന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്നും ആശുപത്രിയില്‍ സഹായിയായി ഒരാളെ നിര്‍ത്തിയാല്‍ മതിയല്ലോ എന്നും പുറത്തു പോകേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. അതേസമയം ചികിത്സയുടെ പേരില്‍ പരോളിലിറങ്ങി ഇയാള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്ന ഹര്‍ജിക്കാരിയുടെ ആരോപണത്തില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് വാദിച്ച സര്‍ക്കാര്‍ അഭിഭാഷകനു നേരെയും ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി. സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കരുതെന്ന് ഹൈക്കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു.

പരോള്‍ ചോദ്യം ചെയ്തത് ടിപിയുടെ വിധവ

നാടിനെ നടുക്കിയ അരുംകൊലയായ ടിപി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് സിപിഐഎം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍. 2014 ജനുവരിയിലാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത് . എന്നാല്‍ ഇയാളുടെ പരോള്‍ രേഖകള്‍ പരിശോധിച്ചാല്‍ സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും നീതിബോധവും ധാര്‍മികതയും കൃത്യമായി മനസിലാക്കാം. ശിക്ഷിക്കപ്പെട്ട് നാല് വര്‍ഷം പിന്നിടുമ്പോള്‍ 389 ദിവസവും കുഞ്ഞനന്തന്‍ ജയിലിന് പുറത്തായിരുന്നുവെന്നാണ് പരോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്. കൊലപാതകി കമ്മ്യൂണിസ്റ്റ് നേതാവാകുമ്പോള്‍ അതേ പാര്‍ട്ടിയുടെ സര്‍ക്കാരിന് കണ്ണടച്ചല്ലേ ആകൂ. പക്ഷേ പിണറായി സര്‍ക്കാരിന്റെ മുഷ്‌ക്കിനും സഖാക്കളുടെ ഭീഷണിക്കും വഴിപ്പെടാത്ത ടിപിയുടെ വിധവ കെ കെ രമ ഇതൊക്കെ കണ്ട് നിശബ്ദയായിരിക്കാന്‍ തയ്യാറാകാഞ്ഞതിനാല്‍ കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് ഉത്തരമില്ലാതെ നില്‍ക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.

സംരക്ഷിക്കപ്പെടുന്നത് ഏത് നിയമം

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള നൂറുകണക്കിനാളുകള്‍ സംസ്ഥാനത്തെ വിവിധ ജയിലുകളിലായുണ്ട്. അവര്‍ക്കാര്‍ക്കും ലഭിക്കാത്ത പരിഗണനയും ശ്രദ്ധയുമാണ് ടിപി കേസിലെ പ്രതിക്ക് ലഭിക്കുന്നത്. സാധാരണ പരോളിന് പുറമെ ജയില്‍ സൂപ്രണ്ടിന് 10 ദിവസവും, ഡിജിപിക്ക് 15 ദിവസവും, സര്‍ക്കാരിന് 45 ദിവസവും അധികമായി അനുവദിക്കാമെന്നും നിയമപ്രകാരമുളള ഈ ഇളവേ കുഞ്ഞനനന്തന് കിട്ടുന്നുള്ളൂവെന്നുമാണ് ഇക്കാര്യത്തില്‍ ജയില്‍വകുപ്പ് നല്‍കുന്ന വിശദീകരണം. ഇതിനിടെ പ്രായാധിക്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കെ കെ രമയുടെ പരാതിയില്‍ ഗവര്‍ണര്‍ ഇടപെട്ടതോടെ അത് നടക്കാതെ പോവുകയായിരുന്നു. അധികാരം കൊണ്ടും പിടിപാട് കൊണ്ടും ഒരു കൊടും കുറ്റവാളിക്ക് ലഭിക്കുന്ന പരിഗണനകള്‍ സാക്ഷര കേരളത്തിലെ പുരോഗമന നവോത്ഥാന സാംസ്‌കാരിക നായകരാരും ഗൗനിക്കുന്നില്ല. സര്‍ക്കാരിന് സ്വന്തം നിലയില്‍ പാലിക്കേണ്ട ചില ഉത്തരവാദിത്തങ്ങളും മര്യാദകളുമുണ്ട്. അതുപോലും പാര്‍ട്ടിയ്ക്കായി അടിയറവ് പറഞ്ഞ് ഭരിക്കുന്നവരുടെ കീഴില്‍ ജനങ്ങള്‍ എത്രമാത്രം സുരക്ഷിതമായിരിക്കും എന്നതാണ് ആശങ്കയുണര്‍ത്തുന്ന ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button