കൊച്ചി: അനുമതിയില്ലാതെ കൊച്ചി കടല്‍ തീരത്ത് എത്തിയ വിദേശ ഉല്ലാസക്കപ്പല്‍ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സ്വിറ്റ്‌സര്‍ലന്‍ഡ് രജിസ്‌ട്രേഷനുള്ള എസ്.വൈ. സീ ഡ്രീംസ് എന്ന ഉല്ലാസ പായ്ക്കപ്പലാണ് സംശയകരമായ സാഹചര്യത്തില്‍ കൊച്ചി തീരത്ത് എത്തിയത്. കൊച്ചി ബോള്‍ഗാട്ടിയിലെ മറീനയില്‍ പായ്ക്കപ്പല്‍ നങ്കൂരമിട്ട ശേഷം ഉടമ വിദേശത്തേയ്ക്ക് മടങ്ങി. മാസങ്ങളോളം തന്ത്രപ്രധാന മേഖലയില്‍ അനുമതിയില്ലാതെ ഉല്ലാസനൗക തങ്ങിയതില്‍ ദുരൂഹതയകലുന്നില്ല.
തന്ത്രപ്രധാനമായ ലക്ഷദ്വീപില്‍ കസ്റ്റംസ് വകുപ്പിന്റേയും കോസ്റ്റ് ഗാര്‍ഡിന്റേയും കണ്ണുവെട്ടിച്ച് ഉല്ലാസപായ്ക്കപ്പല്‍ എത്താനിടയായതിനെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. 2018 ഫെബ്രുവരി 23 ന് കൊച്ചി തുറമുഖത്തെത്തിയ നൗക നവംബര്‍ 13 വരെയുള്ള 9 മാസം ബോള്‍ഗാട്ടി മറീനയില്‍ നങ്കൂരമിട്ടു. പിന്നീട് ലക്ഷദ്വീപില്‍ പോയ ശേഷം ഡിസംബര്‍ ഒന്നിന് വീണ്ടും ബോള്‍ഗാട്ടിയിൽ എത്തുകയായിരുന്നു. അന്ന് മുതല്‍ മറീനയില്‍ കിടക്കുകയാണ് ഉല്ലാസപായ്ക്കപ്പല്‍.നാവികസേനയുടെ തന്ത്രപ്രധാന ബേസ് ക്യാമ്പുകള്‍ ദ്വീപസമൂഹത്തിലുള്ളതിനാല്‍ റഡാറുകളാലുള്ള നിരീക്ഷണവും ശക്തമാക്കിയിരുന്നു.
ഈ നിരീക്ഷണ സംവിധാനങ്ങളെ വെല്ലുവിളിച്ചാണ് നാവിക- തീരദേശസേനകളുടെ മൂക്കിന് താഴെ വിദേശ നൗക മാസങ്ങളോളം ചുറ്റിക്കറങ്ങിയത്. കൊച്ചി തീരം കേന്ദ്രീകരിച്ച് അനധികൃത വിദേശനൗകകള്‍ പ്രവേശിക്കാനിടയുണ്ടെന്നുള്ള മുന്നറിയിപ്പ് ഉള്ളതിനാല്‍ നിരീക്ഷണം കര്‍ശനമായി നടപ്പാക്കുന്ന സാഹചര്യത്തിലാണ് വിദേശപായ്കപ്പൽ പത്ത് മാസത്തോളം കൊച്ചി തീരത്തും ലക്ഷദ്വീപിലും തങ്ങിയത്.
Post Your Comments