Latest NewsKerala

അങ്കണവാടി കുട്ടികള്‍ക്ക് മെഡിസിന്‍ കിറ്റ്: 4.96 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: സംയോജിത ശിശുവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് മെഡിസിന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് 4,95,75,750 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ബ്ലോക്ക് തലത്തില്‍ ശിശുവികസന പദ്ധതി ഓഫീസര്‍ മുഖേന സര്‍ക്കാര്‍ സ്ഥാപനങ്ങളായ കാരുണ്യ/നീതി/മാവേലി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും നേരിട്ട് മെഡിസിന്‍ കിറ്റ് വാങ്ങുന്നതിനാണ് ഭരണാനുമതി നല്‍കിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 32,986 അങ്കണവാടികള്‍ക്കും 129 മിനി അങ്കണവാടികള്‍ക്കുമായാണ് മെഡിസിന്‍ കിറ്റ് വാങ്ങുന്നത്. അങ്കണവാടികളിലെ എല്ലാ കുട്ടികള്‍ക്കും മെഡിസിന്‍ കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വളരെയേറെ കുട്ടികള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ അങ്കവാടികളെ സമൂലം പരിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് കേരളത്തിലെ തെരഞ്ഞെടുത്ത ഐ.സി.ഡി.എസ്. ബ്ലോക്കുകളില്‍ മാതൃകാ അങ്കണവാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അങ്കണവാടികളാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അങ്കണവാടി കെട്ടിടങ്ങളുടെ രൂപഘടന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് മോഡല്‍ അങ്കണവാടിയ്ക്ക് രൂപം നല്‍കുന്നത്. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (സി.ഡി.സി.) സമര്‍പ്പിച്ച മോഡല്‍ അങ്കണവാടി റിപ്പോര്‍ട്ട് അനുസരിച്ചാണ് കരിക്കുലം ഉള്‍പ്പെടെയുള്ളവ സമൂലമായി പരിഷ്‌ക്കരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button