Kerala

അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം

അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം. തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കുന്ന ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി’യുടെ ഉദ്ഘാടനം ഫെബ്രുവരി ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മാരക പ്രഹരശേഷിയുള്ള നിപ പോലുള്ള വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകൾ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ കഴിയും.
80,000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള നൂതന സൗകര്യങ്ങളുള്ള ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരമാണ് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ 25,000 ചതുരശ്രഅടിയിൽ ഒരുങ്ങുന്ന പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിനുള്ള 25,000 ചതുരശ്ര അടി കെട്ടിടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് നിർമ്മിച്ചത്. അതിവിശാലമായ, അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 ചതുരശ്ര അടി പ്രധാന സമുച്ചയത്തിന്റെ നിർമാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എൽ.എൽ.എൽ ലൈറ്റ്‌സിനാണ് നൽകിയിരിക്കുന്നത്. ഈ സമുച്ചയം ആഗസ്റ്റോടെ പൂർത്തിയാകും.

രോഗനിർണയവും ഉന്നതതല ഗവേഷണവുമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ചുമതലകൾ. രോഗബാധ സംബന്ധിച്ച സാമ്പിളുകൾ ശേഖരിച്ച് എത്തിച്ചാൽ പൂനെയിലെ വൈറോളജി ലാബിൽ ലഭ്യമാകുന്നതിനേക്കാൾ നിലവാരത്തിലുള്ള നിർണയത്തിന് ഇവിടെ അവസരമുണ്ടാകും. വിവിധ വൈറസുകൾക്കുള്ള പ്രതിരോധ മരുന്ന് നിർമാണത്തിനുള്ള ആധുനിക ഗവേഷണത്തിനും സൗകര്യമുണ്ടാകും. വൈറൽ പകർച്ചവ്യാധികൾ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും പുതിയ ഇൻസ്റ്റിറ്റ്യൂട്ട്. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ലോകത്തെതന്നെ മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഇത് ഉൾപ്പെടും
കൂടാതെ, അന്താരാഷ്ട്രതലത്തിൽ ഗവേഷണസംബന്ധ സൗകര്യങ്ങൾ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജൻസിയായ ‘ഗ്‌ളോബൽ വൈറൽ നെറ്റ്‌വർക്കി’ന്റെ സെന്റർ കൂടി ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഈ ഏജൻസിയുടെ സെന്റർ വരുന്നത്. ഈ നെറ്റ്വർക്കിന്റെ ഭാഗമാകുന്നതോടെ ഗവേഷണരംഗത്തെ നൂതനമായ എല്ലാ പരിഷ്്കാരങ്ങളും അറിയാനും അവ ഏർപ്പെടുത്താനും കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി ബയോ സേഫ്റ്റി ലെവൽ-3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബിൽ ഒരുക്കുക. ഭാവിയിൽ ഇത് ബയോ സേഫ്റ്റി ലെവൽ-4 ലേക്ക് ഉയർത്തും.

എട്ടുലാബുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുക. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി-വെക്ടർ ഡൈനാമിക്‌സ് ആന്റ് പബ്‌ളിക് ഹെൽത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറൽ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമൽ ഹൗസുകളും പ്രധാന സമുച്ചയം പൂർത്തിയാകുമ്പോൾ സജ്ജമാകും. വിവിധ അക്കാദമിക പദ്ധതികളും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകും. പി.ജി ഡിപ്ലോമ (വൈറോളജി)-ഒരു വർഷം, പി.എച്ച്.ഡി (വൈറോളജി) എന്നിവയാണ് ആരംഭിക്കും.

2017ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം മുന്നോട്ടുവന്നപ്പോൾ സാധ്യതയും ആവശ്യവും തിരിച്ചറിഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ തീരുമാനമെടുക്കുകയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തുകയും ചെയ്തത്. 2018 മെയ് 30നാണ് ശിലാസ്ഥാപനം നടന്നത്. ഫെബ്രുവരി ഒൻപതിന് രാവിലെ പത്തരയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, എ. സമ്പത്ത് എം.പി, ലോക പ്രശസ്ത വൈറോളജിസ്റ്റുകളായ ഡോ. റോബർട്ട് ഗാലോ (ബാൾട്ടിമോർ), ഡോ. ക്രിസ്ത്യൻ ബ്രെച്ചോട് (ഫ്ളോറിഡ), ഡോ. വില്യം ഹാൾ (ഡബ്ളിൻ), ഡോ. ശ്യാമസുന്ദരൻ കൊട്ടിലിൽ (ബാൾട്ടിമോർ), ഡോ. എം.വി. പിള്ള എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തും. ചടങ്ങിനോടനുബന്ധിച്ച് ഒരു അന്താരാഷ്ട്ര വൈറോളജി സമ്മേളനവും ഇൻസ്റ്റിറ്റ്യൂട്ടിന്റെ എസ്റ്റാബ്ളിഷ്മെൻറ് അവലോകനവും ഭാവിപ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കാനുള്ള പാനൽ ചർച്ചയും നടക്കും. ലാബ് പ്രവർത്തനസജ്ജമാക്കാനുള്ള സയൻറിസ്റ്റ്, ടെക്നിക്കൽ, മറ്റു അനുബന്ധ മാനവശേഷി എന്നിവയും ക്രമീകരണവും ഉപകരണങ്ങൾ ഒരുക്കുന്ന നടപടികളും അവസാനഘട്ടത്തിലാണ്.

shortlink

Post Your Comments


Back to top button