KeralaLatest News

പേരന്‍പിലെ പിതാവിനെ പോലെയാണ് താനുമെന്ന് തുറന്ന് പറഞ്ഞ് ഒരു പിതാവ്; കണ്ണീരണിയിക്കുന്ന പോസ്റ്റ്

സാധാരണഗതിയില്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ഇടം കിട്ടുന്ന സിനിമകള്‍ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാറില്ല. മമ്മൂട്ടിച്ചിത്രം പേരന്‍പ് ആ ധാരണ തിരുത്തുകയാണ്. പേരന്‍പ് തിയേറ്റര്‍ കളക്ഷന്‍ മാത്രം 25 കോടിയിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബപ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ചിത്രം. പേരന്‍പിനെ കുറിച്ച് നിരവധി പേരാണ് റിവ്യു എഴുതിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഒരച്ഛന്‍ ചിത്രത്തെ കുറിച്ചെഴുതിയ കുറിപ്പ് കണ്ണീരണിയിക്കും. കെവി അഷറഫ് എന്നയാള്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കെവി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘പേരന്‍പ് ‘ മലയാള , തമിഴ് സിനിമാ ലോകം നെഞ്ചിലേറ്റിരിക്കുകയാണല്ലോ , അമുദവനും(മമ്മൂട്ടി) പാപ്പയും(സാധന)യും പ്രേക്ഷക മനസ്സില്‍ ഒരു തേങ്ങലായ് മാറിക്കഴിഞു,ഭിന്നശേഷിക്കാരിയായ മകളും അച് ഛനും ജനഹൃദയങ്ങളില്‍ ഒരു നൊമ്പരമായ് മാറിക്കഴിഞു,നിരൂപണങ്ങളും ആസ്വാദനക്കുറിപ്പുകളും ഇതിനകം കുറെ വായിച്ചു കഴിഞു,ഈ സിനിമ കാണാന്‍ എന്തായാലും ഭാര്യ റൗഫത്തിനെ കൊണ്ട് പോകുന്നില്ല, അവള്‍ക്ക് കാണാനുളള ത്രാണിയുണ്ടാവില്ല. ജീവിതത്തിന്റെ പകര്‍ന്നാട്ടം കണ്ടിരിക്കാന്‍ അവള്‍ക്ക് കഴിയില്ല. അമുദവനെപ്പോലെയുളള അനേകം അച്ഛന്മാരില്‍ ഒരാളാണ് ഞാനും .അമുദവന്‍ അനുഭവിക്കുന്ന ആത്മ സംഘര്‍ഷത്തിന്റെ തീവ്രത എന്റെ നെഞ്ചിലെ നെരിപ്പോടില്‍ എരിയുന്നത് ഇത് വരെ ആരോടും പറഞിട്ടില്ല , 2009 ആഗസ്റ്റ് 26 മകള്‍ അംന (പമ)യുടെ ജനനം, പ്രസവിച്ചതിനു പിറ്റേ ദിവസം ചില അസ്വഭാവിക ലക്ഷണങ്ങള്‍ മകളില്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ എന്നെ വിളിപ്പിച്ചു, ഡൗണ്‍സ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ് മകള്‍ക്കുളളതായി ഡോക്ടര്‍ പറഞു ,ഡോക്ടറുടെ വിശദീകരണം പൂര്‍ത്തിയായി , എന്റെ കണ്ണില്‍ ഇരുട്ട് കയറി ,കണ്ണുകള്‍ നിറഞൊഴുകി,ഇതിനിടയില്‍ കാര്യങ്ങള്‍ എന്താണ് എന്നറിയാന്‍ റൗഫത്ത് തിരക്കു കൂട്ടുന്നുണ്ടായിരുന്നു ,അവളോട് പറയാന്‍ മടിച്ചു , നിര്‍ബന്ധം കൂടിയപ്പോള്‍ മടിച്ച് മടിച്ച് കാര്യങ്ങള്‍ പറഞു, അവള്‍ ആദ്യം നിര്‍വ്വികാരമായി കാര്യങ്ങള്‍ കേട്ടു, പിന്നെ എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ച് പൊട്ടിക്കരഞു , മനസ്സാന്നിദ്ദ്യം വീണ്ടെടുത്ത് ഞാന്‍ സഹോരന്മാരെ ഫോണില്‍ വിളിച്ചു.അവരുടെ ആശ്വാസ വാക്കുകളൊന്നും മനസ്സില്‍ കയറുന്നില്ല, ആശുപത്രിയില്‍ അന്ന് രാത്രി ഞാനും റൗഫത്തും ഉറങ്ങാതെ കഴിച്ചു കൂട്ടി , പിറ്റേന്ന് ജൂബിലി മിഷനിലേക്ക് കുട്ടിയുമായി പോയി , സിസേറിയന്‍ കഴിഞ അസ്വാസ്യങ്ങക്കിടയിലും റൗഫത്തും തൃശൂരിലേക്ക് പോന്നു , അവിടെ രണ്ട് ദിവസം അഡ്മിറ്റായി , വിദഗ്ദ പരിശോദനയില്‍ ഡൗണ്‍സ് സിന്‍ഡ്രം , ഓട്ടിസം തുടങ്ങി എല്ലാ കാര്യങ്ങളും ഡയഗ്‌നോസ്റ്റിക് റിപ്പോര്‍ട്ടില്‍ പറഞു , മനസ്സിലാകെ ശൂന്യത പടര്‍ന്നു , ഞാന്‍ തളര്‍ന്നാല്‍ റൗഫത്തും തളരും , മോള്‍ മറ്റു കുട്ടികളെ പോലെ പ്രാപ്തയാകുമോ , അവള്‍ ചോദിച്ചു . ഞാന്‍ പറഞു കഴിയും ,അതൊരു ഉറച്ച വാക്കായിരുന്നു, പിന്നെ മകളു(പമ)മായി കയറിറങ്ങാത്ത സ്ഥലങ്ങില്ല , ആദ്യം തൃശൂര്‍ അശ്വനി ഹോസ്പിറ്റലില്‍ രണ്ടു മാസം പ്രായമുളളപ്പോള്‍ ഫിസിയോ തെറാപ്പിക്ക് കൊണ്ട് പോകാന്‍ തുടങ്ങി , പിന്നെ കുന്നംകുളം THFIയില്‍ കൊണ്ടു പോയി , പത്ത് വര്‍ഷം വിവിധ ആശുപത്രികള്‍ ,മകളെ തോളിലേറ്റി നിരന്തരമായ യാത്രകള്‍ അധികവും റൗഫത്താണ് നടത്തിയിരുന്നത് , അവള്‍ക്കും അത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി, ഫിസിയോ തെറാപ്പിക്ക് ഫലം കണ്ട് തുടങ്ങി, അവള്‍ പിടിച്ച് നില്‍ക്കാനും മറ്റും തുടങ്ങി ,വീണ്ടും തൃശൂരിലെ എഫാത്തയില്‍ സ്പീച്ച് തെറാപ്പി , സൈക്കോയും , ഇപ്പോഴും ചികില്‍സ തുടരുന്നു , ആദ്യം ചികില്‍സിച്ച ഡോക്ടര്‍ പറഞത് ഇപ്പോഴും
മനസ്സിലുണ്ട് , എത്ര വില പിടിച്ച മരുന്നിനും ഈ അസുഖത്തെ മാറ്റാന്‍ കഴിയില്ല , പക്ഷെ നിങ്ങളുടെ കഠിന പരിശ്രമം ഇവളെ ഒരു പാട് മാറ്റാന്‍ കഴിയും , മരുന്നുകള്‍ക്കല്ല അവള്‍ക്ക് നല്കുന്ന സ്‌നേഹത്തിനും പരിശീലനത്തിനും മാത്രമേ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയൂ, ഇപ്പോളവര്‍ എഴുതാനും വായിക്കാനും കുറെശ്ശെ തുടങ്ങിയിട്ടുണ്ട് ,സംസാരം അവ്യക്തമെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാനും ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട് ,ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും വാതില്‍ തുറക്കാനായി ഓടിയെത്തും , എന്റെ ബാഗിലോ കീശയിലോ മധുര പലഹാരം ഉണ്ടോ എന്ന് പരതി നോക്കും , ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്നെ പറ്റിച്ചേര്‍ന്ന് അവളുണ്ടാകും , അവള്‍ക്കേറെ ഇഷ്ടമുളള വര്‍ണ്ണ ഉടുപ്പുകള്‍ അണിയിച്ച് ഉല്‍സവങ്ങള്‍ക്കും സിനിമ ക്കും കൊണ്ട് പോകും ,എന്റെ മൊബൈല്‍ സ്വയം ഓണ്‍ചെയ്ത് അതില്‍ അവള്‍ക്കേറെ ഇഷ്ടമുളള പാട്ടുകള്‍ കേട്ട് അവയൊക്കെ അവ്യക്തമായി എനിക്ക് പാടി തരും ,പമയുടെ ചിരിയും കളിയുമാണ് ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.

https://www.facebook.com/kv.ashraf.9/posts/1932141843561402

shortlink

Related Articles

Post Your Comments

Related Articles


Back to top button