![](/wp-content/uploads/2019/02/image-1-4.jpg)
തിരുവനന്തപുരം : മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി നവോത്ഥാനമൂല്യ സംരക്ഷണസമിതി വിപുലീകരിച്ചു. പുതിയ സംഘടനകളില്‍നിന്നുള്ള ആറു പ്രതിനിധികളെക്കൂടി സമിതിയുടെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ 11-നു നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമുണ്ടാകും.
വിപുലീകരിച്ച സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്നു. ഫെബ്രുവരിയില്‍ ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാനും മാര്‍ച്ച് പത്തുമുതല്‍ ജില്ലാതലത്തില്‍ ബഹുജന സംഗമങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായി. കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കേരളത്തിലെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമായി ജില്ലാസംഗമങ്ങളെ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഐക്യത്തിന് വിള്ളലുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ പ്രത്യേക അറകളിലാക്കി നിര്‍ത്താനാണ് ശ്രമം. ജാതിഭേദമോ മതവൈരമോ ഇല്ലാത്ത സമൂഹമായിരുന്നു നമ്മുടേത്. ഈ സാഹോദര്യം തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
മാര്‍ച്ച് 10: തിരുവനന്തപുരം, പാലക്കാട്. 11: ആലപ്പുഴ, മലപ്പുറം. 12: കൊല്ലം, ഇടുക്കി, വയനാട്. 13: പത്തനംതിട്ട, തൃശ്ശൂര്‍, കണ്ണൂര്‍. 14: കോട്ടയം, കാസര്‍കോട്. 15: എറണാകുളം, കോഴിക്കോട്. വൈകീട്ട് നാലിനാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്
Post Your Comments