തിരുവനന്തപുരം:സാംക്രമിക രോഗങ്ങളുടെയും വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടെയും കാരണം കണ്ടെത്താനും രോഗകാരികളെ മനസിലാക്കാനും അതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമായി കേരളത്തിലെ ആദ്യത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (Kerala State Council for Science,Technology & Environment- KSCSTE) നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാവുകയാണ്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് 25 ഏക്കറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ നിര്‍മാണം നടക്കുന്നത്. രണ്ട് ഘട്ടമായിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ആദ്യഘട്ടം പ്രീ-ഫാബ് ടെക്ക്‌നോളജി ഉപയോഗിച്ചുള്ള നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. 28000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. കെഎസ്ഐഡിസിയുടെ നേതൃത്വത്തില്‍ 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ടാംഘട്ടം ഈ വര്‍ഷം അവസാനത്തോട് കൂടി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറി ഡോ. എസ് പ്രദീപ് കുമാര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്നു, ‘മുമ്പ് ചര്‍ച്ചകളിലുണ്ടായിരുന്നുവെങ്കിലും നിപ്പ വൈറസ് വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാധാന്യം മനസ്സിലായത്. പുതിയ പുതിയ വൈറസുകള്‍ പുതിയ രൂപത്തിലും ഭാവത്തിലും വരുന്നതിന്റെ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെയോരു ആശയം മുന്നില്‍ വച്ചത്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അതിന് മുന്‍കൈയെടുത്ത് ചെയ്യണമെന്നും അതിനുശേഷം നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആരോഗ്യ വകുപ്പിലേക്ക് മാറ്റണമെന്നുമാണ് ചര്‍ച്ച ചെയ്തിരുന്നത്. കാരണം ഒരു ഗവേഷണം എന്ന ഒരു ഭാഗം നിര്‍ബന്ധമായും ഇതില്‍ ഉണ്ടാവണമെന്നാണ്. എന്തുകൊണ്ട് പുതിയ പുതിയ വൈറസുകള്‍ ഉണ്ടാവുന്നു? ആവിര്‍ഭവിക്കുന്നു? ആ വൈറസുകള്‍ കൃത്യമായി ഡയഗ്‌നോസ് ചെയ്ത് അതിന്റെ പ്രതിവിധികളും പ്രതിരോധങ്ങളും കണ്ടെത്താനുമുള്ള നടപടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ തലത്തില്‍, നിലവില്‍ ഇത്തരം ഗവേഷണത്തിനും കൃത്യമായി ഡയഗ്‌നോസിസ് നടത്താനും സാധിക്കുന്നത് നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെയിലാണ്. പിന്നെയുള്ളത് മണിപ്പാലിലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലൊരു ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രം തുടങ്ങാനുള്ള സാധ്യത നോക്കിയത്. ഇപ്പോള്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെയാണ് സര്‍ക്കാര്‍ ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് പൂര്‍ണസജ്ജമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ആരോഗ്യ വകുപ്പിന് ഏല്‍പ്പിക്കണമെങ്കില്‍ അങ്ങനെ ചെയ്യും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്ക്നോളജിയും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ-ടെക്ക്നോളജിയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ നിന്ന് മാറ്റിയതാണ്. ഇതുപോലൊരു മാറ്റം ആയിരിക്കും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനും സര്‍ക്കാരും ഉദ്ദേശിക്കുന്നത്.
Post Your Comments