തിരുവനന്തപുരം: ഇന്ത്യയില്‍ കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം 15-ാം സ്ഥാനത്ത്. 2016-ല്‍ 1,06,958 കുട്ടികളാണ് അതിക്രമങ്ങള്‍ക്ക് ഇരയായത്. ഇതില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശ് ആണ്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് രാജ്യത്തെ പോക്‌സോ കേസുകളില്‍ 50 ശതമാനവും. കേരളം പട്ടികയില്‍ 15-ാം സ്ഥാനത്താണ്.
കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുന്ന നിയമം (പോക്‌സോ) രാജ്യത്ത് നിലവില്‍വന്നത് 2012 ജൂണ്‍ 19-നാണ്. അതുവരെ മുതിര്‍ന്നവര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുള്ള ഐ.പി.സി. വകുപ്പുകളാണ് കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരേയും ചുമത്തിയിരുന്നത്. ഇരകളെ വീണ്ടും പീഡിപ്പിക്കും വിധമുള്ള ചോദ്യംചെയ്യലിനും കോടതി നടപടികള്‍ക്കും ഇടയാക്കുന്ന ഐ.പി.സി. വകുപ്പുകള്‍ക്കുപകരം കുഞ്ഞുങ്ങള്‍ക്ക് കരുതലേകുന്ന നിയമങ്ങളാണ് പോക്‌സോയില്‍ ഉള്‍പ്പെടുത്തിയത്. 2012-ല്‍ പോക്‌സോ നിയമം നിലവില്‍വന്നശേഷം 2018 നവംബര്‍ 30 വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 11,797 കേസുകളാണ്. 2012 നവംബറിലാണ് ആദ്യമായി പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. 2013-ല്‍ കേസുകള്‍ 1016 ആയി ഉയര്‍ന്നു. 2014-ല്‍ 1402. പിന്നീട് ക്രമമായി ഈ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 2017-ല്‍ 2697 ആയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം നവംബറില്‍ത്തന്നെ കേസുകള്‍ 2900-ത്തില്‍ എത്തിനില്‍ക്കുന്നു.
കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളത്തില്‍ ശിക്ഷിക്കപ്പെടുന്നത് 16.7 ശതമാനം പേര്‍ മാത്രമാണെന്ന് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയതലത്തില്‍ ശിക്ഷിക്കപ്പെടുന്നതാകട്ടെ 30.7 ശതമാനം പേരും. 2016-ല്‍ കുട്ടികളെ ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോടതികളില്‍ വിസ്താരം പൂര്‍ത്തിയായി വിധിപറഞ്ഞത് 510 കേസിലാണ്. പക്ഷേ, പ്രതികള്‍ക്ക് ശിക്ഷലഭിച്ചത് 85 എണ്ണത്തില്‍മാത്രം.
2016-ല്‍ രാജ്യത്താകെ 22,763 കേസാണ് തീര്‍പ്പാക്കിയത്. അവയില്‍ 6991 പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. 15,772 പേരെ വെറുതേ വിട്ടു. അന്ന് 2,04,100 കേസാണ് തീര്‍പ്പാകാതെ കിടന്നിരുന്നത്. പോക്‌സോ കേസുകളില്‍ ഒരു വര്‍ഷത്തിനകം വിധിയുണ്ടാകണമെന്ന് വ്യവസ്ഥയുള്ള നാട്ടിലാണിത്.
Post Your Comments