കാസര്‍ഗോഡ്: കാസര്‍ഗോഡ് കുടുംബവഴക്കിനെ തുടര്‍ന്ന് മധ്യവയസ്‌കനെ തല്ലിക്കൊന്ന് രഹസ്യമായി സംസ്‌കരിച്ചു. പെര്‍ളയിലെ സുന്ദര നായിക്കിനെയാണ് മകനും സഹോദരനുമടക്കം ബന്ധുക്കള്‍ കൊലചെയ്തത്. ജനുവരി 30ന് രാത്രിയിലാണ് അര്‍ളിക്കട്ടയിലെ സുന്ദര നായിക്ക് വീട്ടുമുറ്റത്ത് കൊലചെയ്യപ്പെടുന്നത്.
അമ്പത്തിരണ്ടുകാരനായ സുന്ദര മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച്ച പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ സുന്ദര ഭാര്യയെ മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ പറയുന്നു. ബഹളം കേട്ട് തൊട്ടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരനും മകനും ഓടിയത്തി തടയാന്‍ ശ്രമിച്ചു.
ഇവരോടും സുന്ദര തട്ടിക്കയറി അതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാരനായ മകനും വീട്ടിലെത്തി. ബഹളത്തിനിടെ സമീപത്തുണ്ടയിരുന്ന കവുങ്ങിന്‍ തടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. ചോര വാര്‍ന്ന് പിടഞ്ഞ സുന്ദരയെ ഉടന്‍ തന്നെ ബന്ധുവിന്റെ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റും വഴി മരിക്കുകയായിരുന്നു. ഇതോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പോലും തയ്യാറാകാതെ മൂന്നു പേരും ചേര്‍ന്ന് വീട്ടില്‍ എത്തിച്ച് ദഹിപ്പിച്ചു. മൃതദേഹം പൊടുന്നനെ ദഹിപ്പിച്ചതില്‍ നാട്ടുകാര്‍ ഉയര്‍ത്തിയ സംശയത്തെ തുടര്‍ന്ന് മറ്റൊരു സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാകമാണെന്ന് കണ്ടെത്തിയത്.
പിന്നാലെ സുന്ദരയുടെ മകന്‍ പ്രഭാകര, സഹോദരന്‍ ഈശ്വര നായിക്, ഈശ്വരയുടെ മകന്‍ ജയന്തന്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യംചെയ്യലില്‍ മൂവരും കൊലപാതക കുറ്റം സമ്മതിച്ചു. വീട്ടില്‍ നിന്ന് കൊല്ലാന്‍ ഉപയോഗിച്ച ചോരപുരണ്ട കവുങ്ങിന്‍ തടിയും മൃതദേഹം കടത്തിയ മാരുതി ഒമ്‌നി വാനും കസ്റ്റഡിയിലടുത്തു.
ഇതിനിടെ കൊല്ലപ്പെട്ട സുന്ദരയുടെ ഭാര്യയെ കാണാതായി. കൊലപാതകം മറച്ചുവെച്ചതിനും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതിനും പൊലീസ് കേസെടുത്തേക്കുമെന്ന സംശയത്തില്‍ ഒളിവില്‍ പോയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
Post Your Comments