ബ്രസല്‍സ്: രാഷ്ട്രീയപ്രതിസന്ധി പുകയുന്നതിനിടെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി പ്രതിപക്ഷനേതാവ് വാന്‍ ഒയ്‌ദോയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അംഗീകാരം. ഞായറാഴ്ചയ്ക്കകം പ്രസിഡന്റ് നിക്കൊളാസ് മഡുറോ വീണ്ടും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കണമെന്ന് എട്ടുദിവസംമുമ്പ് ഇ.യു. മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് മഡുറോ നിഷേധിച്ച സാഹചര്യത്തിലാണ് ഇ.യു.വിന്റെ നീക്കം.
വിശ്വസനീയമായ തിരഞ്ഞെടുപ്പ് രാജ്യത്തു നടക്കുന്നതുവരെ ഒയ്‌ദോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുമെന്ന് ബ്രിട്ടനും നയംവ്യക്തമാക്കി. വെനസ്വേലയ്‌ക്കെതിരേ ഉപരോധനടപടികളെക്കുറിച്ചു ചിന്തിക്കുന്നതായും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് എമാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗേലാ മെര്‍ക്കല്‍, സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് തുടങ്ങിയവരും ഒയ്‌ദോയെ അംഗീകരിച്ച് രംഗത്തെത്തി. അതേസമയം, ഇ.യു. അംഗരാജ്യമായ ഗ്രീസ് പരസ്യമായി മഡുറോയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.
മഡുറോ വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതില്‍ പ്രതിഷേധിച്ച് നേരത്തേനടന്ന പൊതുതിരഞ്ഞെടുപ്പ് രാജ്യവ്യാപകമായി ബഹിഷ്‌കരിച്ചിരുന്നു. പ്രതിഷേധം മറികടന്ന് മഡുറോ ജനുവരി പത്തിന് പ്രസിഡന്റായി സ്ഥാനമേറ്റു. പിന്നാലെ ജനുവരി 23-ന് പ്രതിപക്ഷനേതാവ് ഒയ്‌ദോ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയുടെ പിന്തുണയും ഒയ്‌ദോയ്ക്കുണ്ട്.
അതേസമയം, ഇ.യു. വെനസ്വേലയുടെ ആഭ്യന്തരകാര്യങ്ങളില്‍ കൈകടത്തുകയണെന്ന് റഷ്യയുടെ പിന്തുണയുള്ള മഡുറോ ആരോപിച്ചു. റഷ്യയും ഇ.യു.വിനെതിരേ രംഗത്തെത്തി. നിലവില്‍ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിനുള്ള സാധ്യത തള്ളാനാവില്ലെന്നും മഡുറോ മുന്നറിയിപ്പ് നല്‍കി. ഒയ്‌ദോയ്ക്ക് പിന്തുണ നല്‍കിയതിന് അമേരിക്കയ്ക്കും മഡുറോ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെനസ്വേലയ്ക്ക് അവശ്യവസ്തുക്കളുടെ സഹായം ലഭ്യമാക്കുന്നതിനായി വിദേശരാജ്യങ്ങളുടെ സഖ്യം രൂപവത്കരിക്കുമെന്ന് ഒയ്‌ദോ ഞായറാഴ്ച പറഞ്ഞിരുന്നു.
Post Your Comments