ആലപ്പുഴ: പ്രളയത്തിനുശേഷം മാവുകള്‍ കാലം തെറ്റി പൂക്കുന്നു. മാവുകൃഷി നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണിന്റേയും, നൈട്രജന്റേയും തോത് കൂടിയതാണ് കാലം തെറ്റി പൂക്കാനും, കായ്ക്കാനും കാരണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
കാലാവസ്ഥാ വ്യതിയാനങ്ങളും പൂവിടുന്നതിനെ സ്വാധീനിക്കുന്നുണ്ട്. കനത്ത മഴയും മേഘം മൂടിക്കെട്ടിയ അന്തരീക്ഷവും പൂവിടുന്നതിനെ തടസ്സപ്പെടുത്തുന്നു. എന്നാല്‍ വരണ്ട കാലാവസ്ഥ പൂവിടുന്നതിന് സഹായകരമാണ്. മാവില്‍ പുതിയ ശാഖകള്‍ ഉണ്ടാകുന്നതിനും കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്. പക്ഷെ പൂവിടലിനു ശേഷമുള്ള അനുകൂല സാഹചര്യങ്ങളാകട്ടെ മുന്‍കൂട്ടി പ്രവചിക്കാനുമാകില്ല. ക്രമംതെറ്റി അനവസരത്തിലുണ്ടാകുന്ന പൂക്കളില്‍ പരാഗണം നടക്കാതെ വന്നാല്‍ അവ കൊഴിയുന്നതിന് ഇടയാകുന്നു. ഇതു കൂടാതെ പലകാരണങ്ങളാലും ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രം കായ്ക്കുന്നതായ ചില മരങ്ങളെയും കാണാം. സസ്യപോഷണത്തിന്റെ അളവ്, പൂക്കളുടെ ലിംഗാനുപാതം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പരമ്പര്യഘടകങ്ങള്‍ തുടങ്ങിയവയും മാവിന്റെ പൂവിടലിനെ ബാധിക്കും. അന്തരീക്ഷ താപനില, ഈര്‍പ്പം, കാറ്റ്, കീടരോഗബാധ തുടങ്ങിയ ബാഹ്യഘടകങ്ങളും കായ്പിടുത്തത്തെ സ്വാധീനിക്കുന്നവയാണ്.
ഇന്ത്യയില്‍ മാവുകള്‍ ആദ്യം പൂക്കുന്ന സംസ്ഥാനം കേരളമാണ്. സാധാരണഗതിയില്‍ ഡിസംബര്‍ മാസങ്ങളിലാണ് മാവുകള്‍ പൂക്കുന്നതും മാങ്ങയാകുന്നതും. എന്നാല്‍ ജനുവരി അവസാനത്തോടെയാണ് പലയിടങ്ങളിലും മാവുകള്‍ പൂക്കുന്നത്. ഈ മാസങ്ങളിലും തളിരിടുന്ന മാവുകളും ഈ മേഖലകളില്‍ കണ്ടുവരുന്നു. 90ദിവസങ്ങള്‍ കൊണ്ടും, 105ദിവസങ്ങള്‍കൊണ്ടും ഫലമാകുന്ന ഇനങ്ങളുമുണ്ട്.
ശരിയായ വളപ്രയോഗം, ജലസേചനം, കീടരോഗനിയന്ത്രണം, കാര്യക്ഷമവും സമയബന്ധിതവുമായ കൃഷിപരിപാലനമുറകള്‍ എന്നിവ കൃത്യമായി നടത്താനായാല്‍ പ്രശ്നങ്ങള്‍ ഒരളവുവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
Post Your Comments