ബെംഗളൂരു : കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളെ വീണ്ടും നാണക്കേടിലാക്കിയ സംഭവം നടന്നത്. ചെന്നൈ സ്വദേശിയായ അനുരാഗ് ശര്‍മ്മ (25) എന്ന ഇന്‍ഫോസിസ് ജീവനക്കാരന് നഗരത്തില്‍ ഒരു വ്യക്തിപരമായ ചടങ്ങിലും ഔദ്യോഗിക മീറ്റിങ്ങിലും പങ്കെടുത്ത് മടങ്ങുകയായിരുന്നു. എസ് ആര് എസ് ട്രാവല്‍സിന്റെ സ്വകാര്യ ബസ്സില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു. രാത്രി 11:50 വരേണ്ട ബസിനെ കാത്ത് ബൊമ്മസാന്ദ്രയില്‍ നില്‍ക്കുമ്പോഴാണ് ഒരു ചെറിയ വാന്‍ അടുത്തു വരികയും അനുരാഗ് ശര്‍മ്മയെ അതിലേക്ക് വലിച്ച് കയറ്റുകയും ചെയ്തത്. അവിടെ പുറത്ത് കാത്ത് നിന്നിരുന്ന രണ്ട് പേരും വാനില്‍ കയറി. മെബൈലും പേഴ്സും ബലം പ്രയോഗിച്ച് കൈക്കലാക്കി.
ഒരാള്‍ ഇടിച്ചു മറ്റൊരാള്‍ ഇരുമ്പു വടി കൊണ്ട് കാലിനടിച്ചു, കട്ടിയുള്ള പുതപ്പു കൊണ്ട് ശരീരം മുഴുവന്‍ ചുറ്റി വണ്ടിക്കുള്ളിലിട്ടു.
അവര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയും എടിഎം കാര്‍ഡിന്റെ പിന് നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു എന്ന് അനുരാഗ് പറയുന്നു. നല്‍കില്ല എന്നായപ്പോള്‍ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പിന് നമ്പര്‍ വാങ്ങി. നാല് എ ടി എം കൗണ്ടറുകളില്‍ നിര്‍ത്തി 45000 രൂപ പിന്‍വലിച്ചു.
അവസാനം ചന്ദാപുരക്ക് സമീപമുളള ഒരിടത്ത് അനുരാഗിനെ ഇറക്കി വിട്ടു. യുവാവ് അടുത്തുള്ള നാരായണാ ഹെല്‍ത്ത് സിറ്റിയില്‍ ചികില്‍സ തേടി. മൈസൂരു ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയായിരുന്ന അനുരാഗ് സ്വദേശമായ ചെന്നൈയിലേക്ക് ട്രാന്‍ഫര്‍ വാങ്ങി പോയതായിരുന്നു.
അതേസമയം അക്രമികളില്‍ നാലില്‍ മൂന്ന് പേരേയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.ഗണേഷ് (29), ശീധര്‍ (30) ഉമേഷ് (25) എന്നിവരാണ് പിടിയിലായത്, മറ്റൊരു പ്രതിയായ വേണുവിനെ തേടുകയാണ്.
പരപ്പന അഗ്രഹാര ജയിലില്‍ വച്ച് പരിചയപ്പെട്ട ഇവര്‍ 4 പേരും ഈ ഏരിയയിലെ ഇത്തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്തതിന് മുന്‍പും രണ്ടു പ്രാവശ്യം പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഒമ്നി വാനും കണ്ടെടുത്തു.
Post Your Comments