Latest NewsKerala

ഹാരിസണ്‍ മറിച്ചു വിറ്റ ഭൂമിക്ക് കരം സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധം- വിഎം സുധീരന്‍

തിരുവനന്തപുരം : ഹാരിസണ്‍ ഭുമി കയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും തുറന്ന കത്തെഴുതി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. അനധികൃതമായി ഹാരിസണ്‍ കയ്യടക്കിയ സര്‍ക്കാര്‍ ഭൂമിക്കും അവര്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റ ഭൂമിക്കും ഉപാധികളോടെ കരം സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധവും നിയമലംഘകരായ ഹാരിസണെയും കൂട്ടരെയും സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതുമാണെന്ന് കത്തില്‍ സുധീരന്‍ ആരോപിക്കുന്നു.

വിജിലന്‍സ് കേസില്‍ കുറ്റവാളികളായി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഇക്കൂട്ടരില്‍ നിന്നും ഉപാധികളോടെയാണെങ്കിലും കരം സ്വീകരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. നമ്മുടെ സംസ്ഥാനത്തോടും ജനങ്ങളോടും കൂറുള്ള ആര്‍ക്കും തന്നെ ഇതൊന്നും അംഗീകരിക്കാനുമാകില്ല.-അദ്ദേഹം പറഞ്ഞു
കത്തിന്റെ പൂര്‍ണ്ണ രൂപം :പ്രിയപ്പെട്ട മുഖ്യമന്ത്രി,
അനധികൃതമായി ഹാരിസണ്‍ കയ്യടക്കിയ സര്‍ക്കാര്‍ ഭൂമിക്കും അവര്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റ ഭൂമിക്കും ഉപാധികളോടെ കരം സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധവും നിയമലംഘകരായ ഹാരിസണെയും കൂട്ടരെയും സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതുമാണ്.
വിജിലന്‍സ് കേസില്‍ കുറ്റവാളികളായി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഇക്കൂട്ടരില്‍ നിന്നും ഉപാധികളോടെയാണെങ്കിലും കരം സ്വീകരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. നമ്മുടെ സംസ്ഥാനത്തോടും ജനങ്ങളോടും കൂറുള്ള ആര്‍ക്കും തന്നെ ഇതൊന്നും അംഗീകരിക്കാനുമാകില്ല.
ഹാരിസണ്‍, ടാറ്റ, എ.വി.ടി, ടി ആര്‍ ആന്റ് ടി തുടങ്ങിയ വന്‍കിടക്കാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ വ്യഗ്രത കാണിക്കുന്ന നിയമസെക്രട്ടറി തന്റെ കള്ളക്കളികള്‍ ചോദ്യം ചെയ്യപ്പെട്ടതോടെയാണ് പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.
നിയമസെക്രട്ടറി, മുന്‍ റവന്യൂ സെക്രട്ടറി എന്നിവരെ പോലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് വന്‍ ബാധ്യതയാണ്.
ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയുള്ള കേസുകള്‍ നടത്തുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട സര്‍ക്കാര്‍ നിയമ വകുപ്പിനെയും മറ്റ് നിയമ സംവിധാനങ്ങളെയും ഇക്കാര്യത്തില്‍ ഇനി ആശ്രയിക്കുന്നത് ആപല്‍ക്കരമാണ്.
മനപ്പൂര്‍വ്വം കേസ് തോറ്റു കൊടുക്കുക വഴി സര്‍ക്കാരിനെതിരായ വിധി ഹൈക്കോടതിയില്‍ നിന്നും ചോദിച്ചു വാങ്ങിയതാണ്.
യഥാസമയം അപ്പീല്‍, റിവ്യൂഹര്‍ജി നല്‍കല്‍, നിയമനിര്‍മാണം എന്നീ പ്രതിവിധികളെ കുറിച്ച് എന്തുകൊണ്ട് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നില്ല.? അവിടെയാണ് ദുരൂഹതകള്‍ നിലനില്‍ക്കുന്നത്. സര്‍ക്കാരിന്റെ അതിഗുരുതരമായ വീഴ്ചയും പ്രകടമാകുന്നത് ഇതിലെല്ലാമാണ്.
ഇത് കരുതിക്കൂട്ടിയുള്ളതാണെന്നതില്‍ യാതൊരു സംശയവുമില്ല. ഭരണതലത്തിലെ ഉന്നതരുടെ ഒത്താശയോടെയാണ് ഇതെല്ലാം. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഇതിനൊക്കെ ധൈര്യമുണ്ടാകുമോ.
വളഞ്ഞ വഴിയിലൂടെ ഹാരിസണും കൂട്ടര്‍ക്കും ഇല്ലാത്ത ഉടമസ്ഥാവകാശം നല്‍കുന്നതിനുള്ള നീക്കത്തിന് പകരം നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള മറ്റ് നിയമ നടപടികള്‍ മുന്നോട്ടു നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി രാജ്യത്തെ മികച്ച നിയമ വിദഗ്ധരുടെ ഉപദേശം ലഭ്യമാക്കുകയും വേണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
ഈ സുപ്രധാന ഘട്ടത്തില്‍ വേണ്ട കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്യുന്നതില്‍ കുറ്റകരമായ അനാസ്ഥയും ഗുരുതരമായ വീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇനിയും ഉണ്ടായാല്‍ അതിന് സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കനത്ത വില നല്‍കേണ്ടിവരും. എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും ഈ കളങ്കത്തില്‍ നിന്നും രക്ഷപ്പെടാനുമാവില്ല. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയായിരിക്കും അത്.
അതുകൊണ്ട് ഇനിയെങ്കിലും സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും ആവശ്യമായ സര്‍വ്വനടപടികളും അടിയന്തിരമായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.
സ്‌നേഹപൂര്‍വം

വി.എം സുധീരന്‍

ശ്രീ പിണറായി വിജയന്‍
ബഹു മുഖ്യമന്ത്രി

പകര്‍പ്പ്
ശ്രീ എ. കെ. ബാലന്‍
ബഹു നിയമവകുപ്പ് മന്ത്രി

ശ്രീ ഇ.ചന്ദ്രശേഖരന്‍ 
ബഹു. റവന്യൂവകുപ്പ് മന്ത്രി

https://www.facebook.com/kpcc.vmsudheeran/posts/2290466997853577?__xts__%5B0%5D=68.ARAl9yCQYmqdV4ipHBJgZ8wKlKoCvCLXxgbFF_0ZEzw3_pZjug9uH65Sv-ZridQEVHaQSNwxJq7x11R0OjJ4o4i7iDFhW6xA3d5Aebxuq3udn2I0zHoohIDPq8eS_5RVGuBaKD3KONf6R1b_dsxVartEe5YRxUdFaJIS7Xbd05Cnlo36cg1nRMt_WZyPS3DIC01uS7WlyE-zMbAD3Cax2mJlGD5wvVziJI4nFEg-BGxtYoSeAMkrI9yn2DMg4TqPbNOsiyC29xSpjyRHFuH_HQzLej_SUftzksRfJum61mDYGLkKgvucHil-1YuLY_l6DRYJdMZjpjVlQf1emzQ8WIo8L2Ql&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button