കൊച്ചി: അനധികൃതമായി ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്നാരോപിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ തോമസ് ചാണ്ടി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷ നല്‍കി. തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതിയിലുള്ളതാണ് ലേക് പാലസ് റിസോര്‍ട്ട്. കേസ് റദ്ദാക്കാന്‍ തോമസ് ചാണ്ടി, മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, അമ്മ മേരി ചാണ്ടി, തോമസ് മാത്യു തുടങ്ങിയവര്‍ നല്‍കിയ അഞ്ച് ഹര്‍ജികളാണ് പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടിയത്.
വലിയകുളം മുതല്‍ സീറോജെട്ടി വരെയുള്ള നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ ആലപ്പുഴ മുന്‍ കലക്ടര്‍ ഉള്‍പ്പെടെ പ്രതികളാണ്. സുഭാഷ് തീക്കാടന്‍ നല്‍കിയ പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് കേസെടുത്തത്. ഇതിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി സിംഗിള്‍ബെഞ്ച് വിധി പറയാന്‍ മാറ്റിയിരുന്നു. ഇതിനിടെയാണ് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.
Post Your Comments