കൊച്ചി: സംസ്ഥാനത്തെ ഏഴു റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ഡിവിഷന് കീഴിലുളള ഏഴു റെയില്‍വേ സ്റ്റേഷനുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. തുച്ഛമായ വരുമാനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചൊവ്വര, കാഞ്ഞിരമറ്റം, കുമാരനല്ലൂര്‍, വേളി, കടത്തുരുത്തി, ചോറ്റാനിക്കര റോഡ്, കാപ്പില്‍ എന്നി സ്റ്റേഷനുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. നിലവില്‍ പ്രൈവറ്റ് ഏജന്‍സികളാണ് ഈ സ്റ്റേഷനുകള്‍ പരിപാലിക്കുന്നത്. തുച്ഛമായ വരുമാനത്തെ തുടര്‍ന്ന് പ്രൈവറ്റ് ഏജന്‍സികള്‍ സ്റ്റേഷനുകളുടെ നടത്തിപ്പ് ചുമതലയില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് കാണിച്ച് റെയില്‍വേയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് റെയില്‍വേ അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങള്‍ ധരിപ്പിച്ചതായാണ് വിവരം. ഹാള്‍ട്ട് സ്റ്റേഷനുകള്‍ എന്നറിയപ്പെടുന്ന ഈ സ്റ്റേഷനുകളില്‍ മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമാണ് സ്റ്റോപ്പുളളത്.
സ്റ്റേഷന്റെ വരുമാനത്തിന്റെ 15 ശതമാനം ലഭിക്കത്തക്കവിധമാണ് പ്രൈവറ്റ് ഏജന്‍സികള്‍ റെയില്‍വേയുമായി കരാറിലേര്‍പ്പെട്ടത്. എന്നാല്‍ 2000 രൂപയില്‍ താഴെ മാത്രമാണ് ഓരോ സ്റ്റേഷനുകളില്‍ നിന്നുമുളള പ്രതിദിന വരുമാനം. ശരാശരി 200 യാത്രക്കാര്‍ വീതമാണ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍. കൂടാതെ ഇതില്‍ നല്ലൊരു ശതമാനം യാത്രക്കാരും സീസണ്‍ ടിക്കറ്റില്‍ യാത്രചെയ്യുന്നവരുമാണ്. ഇക്കാരണങ്ങളാണ് സ്റ്റേഷന്‍ നടത്തിപ്പില്‍ നിന്ന് പിന്നോട്ടുപോകാന്‍ പ്രൈവറ്റ് ഏജന്‍സികളെ പ്രേരിപ്പിച്ച ഘടകം.
Post Your Comments