കൊൽക്കത്ത : കൊൽക്കത്തയിൽ പോലീസ് കമ്മിഷണറുടെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാൾ സർക്കാരിനെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കൊല്‍ക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിന്റെ വീട് പരിശോധിക്കാന്‍ എത്തിയവരെയാണ് പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്തത്. കമ്മീഷണറുടെ വീടിനുമുന്നില്‍ സിബിഐ ഉദ്യോഗസ്ഥരും പോലീസും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായി.
ഒടുവിൽ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. തുടർന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കമ്മീഷണറുടെ വീട്ടിലെത്തി. കൊല്‍ക്കത്തയിലെ സി.ബി.ഐ ഓഫിസ് ബംഗാള്‍പോലീസ് പിന്നീട് വളഞ്ഞു. സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ വീടിന് മുന്നിലും പോലീസെത്തി.
കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു.
എന്നാൽ മമതയുടേത് നാടകമാണെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും ആരോപിച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത് പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കി. രാഹുൽ ഗാന്ധിയടക്കം നിരവധി നേതാക്കൾ മമതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
Post Your Comments