KeralaLatest News

സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കും; ഗ്‌ളൈഫോസേറ്റ് നിരോധിച്ചു-  -മന്ത്രി വി.എസ്. സുനിൽകുമാർ 

തിരുവനന്തപുരം•സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമിത ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗ്‌ളൈഫോസേറ്റ് എന്ന കളനാശിനിയുടേയും അത് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെയും വിൽപനയും വിതരണവും ഉപയോഗവും നിരോധിച്ച് ഉത്തരവായതായും അദ്ദേഹം അറിയിച്ചു. പൊതു ആവാസവ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും, പരിസ്ഥിതി ജൈവവൈവിധ്യത്തിനും ഗുരുതരദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

നിരോധിത കീടനാശിനികളുടെ ഉപയോഗം പൂർണമായി ഒഴിവാക്കാൻ ശക്തമായ നടപടികളാണ് കൃഷിവകുപ്പ് കൈക്കൊള്ളുന്നത്. ഇൻസെക്ടിസൈഡ് ഇൻസ്‌പെക്ടർമാർ മാസത്തിൽ രണ്ടുതവണയെങ്കിലും നിർബന്ധമായി കീടനാശിനി വിൽപനശാലകൾ പരിശോധിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ വളം-കീടനാശിനി പ്രയോഗത്തിലേർപ്പെടുന്ന തൊഴിലാളികളെ കൃഷിഭവൻ തലത്തിൽ ഫെബ്രുവരി 10നകം രജിസ്റ്റർ ചെയ്യിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. മരുന്നുതളി ജോലിചെയ്യുന്ന കർഷകത്തൊഴിലാളികൾ, കീടനാശിനി വിപണനം നടത്തുന്ന ഏജൻസികൾ എന്നിവർക്ക് കീടനാശിനി പ്രയോഗത്തിൽ അവലംബിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും കൃഷി വകുപ്പിന്റെയും കാർഷിക സർവകലാശാലകളുടേയും പരിശീലന കേന്ദ്രങ്ങളിൽ വെച്ച് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഫെബ്രുവരി 25നകം സംഘടിപ്പിക്കും. തുടർന്നും ബോധവത്കരണക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും നടത്തും.

സർക്കാരിന്റെ നിയന്ത്രണങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കും നിരോധിത കീടനാശിനികൾ വിൽക്കുന്നവർക്കെതിരെയും കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ നിയന്ത്രിത കീടനാശിനികൾ വിൽക്കുന്ന കച്ചവടക്കാർക്കെതിരെയും കർശന നടപടി സ്വീകരിക്കും.

രാസകീടനാശിനി/കുമിൾ നാശിനികളുടെ ഉപയോഗം 2015-16 നെ അപേക്ഷിച്ച് 17.2 ശതമാനം ഈവർഷം കുറഞ്ഞിട്ടുണ്ട്. ജൈവ-കീട-കുമിൾ നാശിനികളുടെ ഉപയോഗം 71.25 ശതമാനം വർധിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ ചട്ടം 300 പ്രകാരം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button