കണ്ണൂര്‍ : സി.എം.പി എം.കെ കണ്ണന്‍ വിഭാഗം സി.പി.എമ്മില്‍ ലയിച്ചെങ്കിലും നിയമക്കുരുക്കുകള്‍ ബാക്കി നില്‍ക്കുകയാണ്. .കോടതി വിലക്ക് നിലനില്‍ക്കെ ലയനം പൂര്‍ത്തിയാക്കിയതിനാല്‍ നേതാക്കള്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരും. എന്നാല്‍ ലയനം പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
സി.പി.എമ്മിനെ വെല്ലുവിളിച്ച് രൂപീകരിച്ച സി.എം.പി 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതേ സി.പി.എമ്മില്‍ ലയിച്ചത്. എന്നാല്‍ ലയനസമ്മേളനം അടുത്തുനില്‍ക്കെ പാര്‍ട്ടി സ്ഥാപകനേതാവ് എം.വി രാഘവന്റെ മകന്‍ ലയനത്തിനെതിരെ കോടതിയെ സമീപിച്ചു. എം.വി രാജേഷിന്റെ ഹjര്‍ജിയില്‍ എറണാകുളം മുന്‍സിഫ് കോടതി ലയനത്തിന് വിലക്കേര്‍പ്പെടുത്തി. പക്ഷേ ഈ വിലക്ക് കാര്യമാക്കാതെ കൊല്ലത്ത് വെച്ച് നടന്ന സമ്മേളനത്തില്‍ സി.എം.പി എംകെ കണ്ണന്‍ വിഭാഗം സി.പി.എമ്മില്‍ ലയിക്കുകയായിരുന്നു. ലയന സമ്മേളനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നീങ്ങുകയാണ് എംവി രാജേഷ്.
എന്നാല്‍ ലയനം പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വീകരിച്ച ലയന തീരുമാനത്തിന്റെ രേഖ കൈവശമുണ്ടെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ലയനത്തിനെതിരെ വിലക്ക് സമ്പാദിച്ചത്. എം.വി രാജേഷിന്റെ ഹരജിക്കെതിരെ സി.എം.പി നേതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിന് മുന്‍പാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ ഹരജികള്‍ പരിഗണിച്ച് അനുകൂല വിധിയുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
Post Your Comments