തടവറയിലെ ഇരുട്ടിന് എഴുത്തുകാരന്റെ ഭാവനയുടെ കനല്‍ കെടുത്താന്‍ സാധിക്കില്ല. അതിന്റെ തെളിവാണ് സാഹിത്യത്തിന് ഓസ്‌ട്രേലിയയില്‍ നല്‍കുന്ന ഉന്നത പുരസ്‌കാരമായ വിക്ടോറിയന്‍ പുരസ്‌കാരം ലഭിച്ച ബെഹ്റൂസ് ബൂച്ചാനി. തന്റെ അവസ്ഥയെ കുറിച്ചോര്‍ത്ത് സങ്കടപ്പെടാതെ ഒരിക്കലും രക്ഷപ്പെടില്ല എന്നോര്‍ത്ത് നിരാശപ്പെടാതെ അദ്ദേഹം കൈയിലെ മൊബൈല്‍ ഫോണിലൂടെ പുസ്തകമെഴുതി. വാട്‌സ് ആപ്പിലൂടെ പുറംലോകത്തെ അറിയിച്ചു. നോ ഫ്രണ്ട് ബട്ട് ദ മൗണ്ടെയ്ന്‍സ്: റൈറ്റിങ് ഫ്രം മാനൂസ് പ്രിസണ്‍ എന്ന പുസ്തകം ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകനായ ബൂച്ചാനി ആറു കൊല്ലം മുമ്പാണ് അഭയാര്‍ഥി തടവുകാരനായി പപ്പുവ ന്യൂ ഗിനി ദ്വീപിലെത്തിയത്. തന്നെ തടവിലാക്കിയ രാജ്യം നല്‍കുന്ന പുരസ്‌കാരം തന്നെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൂച്ചാനി വാട്‌സ് ആപ്പിലൂടെ അറിയിച്ചു.
പ്രാദേശിക ഭാഷയായ ഫര്‍സിയില്‍ ഓരോ അധ്യായമായെഴുതി ഓസ്‌ട്രേലിയയിലെ പരിഭാഷകന് ബൂച്ചാനി അയച്ചു കൊടുക്കുകയായിരുന്നു. ഇയാള്‍ അയച്ചു കൊടുത്തിരുന്ന ഭാഗങ്ങള്‍ ഓസ്‌ട്രേലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ഓസ്‌ട്രേലിയയിലെ കര്‍ക്കശ കുടിയേറ്റനയങ്ങളുടെ നിശിത വിമര്‍ശകനാണ് ബൂച്ചാനി.
ദ്വീപിലെ തടവറ അധികൃതര്‍ ഫോണ്‍ കണ്ടെത്തിയേക്കുമെന്ന് എപ്പോഴും ഭയപ്പെട്ടിരുന്നതായി ബൂച്ചാനി പറഞ്ഞു. കുറ്റകൃത്യം ചെയ്യാതെ തടവിലാക്കപ്പെട്ട നിരപരാധികളാണ് തനിക്ക് ചുറ്റുമെന്നും അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് താനെന്നും ബൂച്ചാനി വ്യക്തമാക്കി.
72,390 ഡോളറാണ് (52 ലക്ഷം രൂപ) ബൂച്ചാനിയ്ക്ക് സമ്മാനത്തുകയായി ലഭിക്കുക. തന്നെപ്പോലെ ആയിരക്കണക്കിന് അഭയാര്‍ഥിത്തടവുകാരുടെ ജീവിതത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയെത്തിക്കാന്‍ ഈ അവാര്‍ഡിലൂടെ സാധ്യമാകുമെന്ന് ബൂച്ചാനി പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments