Latest NewsArticle

ഹിന്ദുമഹാസഭ- തിരുത്താനാകാത്ത ആ തെറ്റിന്റെ ബാക്കിപത്രം

പാര്‍വതി കൃഷ്ണന്‍

അഖില ഭാരതീയ ഹിന്ദു മഹാസഭ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയത് ഗാന്ധി സ്മരണ ദിനത്തില്‍ അദ്ദേത്തിന്റെ കോലത്തിലേക്കു നിറയൊഴിച്ചിട്ടാണ്. 71 വര്‍ഷം മുന്‍പ് ഗോഡ്സെ എന്ന മതതീവ്രവാദി നിര്‍വഹിച്ച ഹീനകൃത്യം തന്നെയാണ് ഏഴ് പതിറ്റാണ്ടിന് ശേഷം അവര്‍ ആവര്‍ത്തിച്ചത്.

വലതു പക്ഷ ഹിന്ദുത്വ പാര്‍ട്ടി ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവത്തിന് ചുക്കാന്‍ പിടിച്ചത്. .ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വന്‍വിവാദമാകുകയായിരുന്നു. ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്‌കരിക്കുകയായിരുന്നു അവര്‍. പൂജ ശകുന്‍ പാണ്ഡെ തന്നെയായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്.  ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി അവര്‍ മധുര വിതരണവും നടത്തി.

പക തീരാതെ പൂജ ശകുന്‍ പാണ്ഡെ

കാവി വസ്ത്രം ധരിച്ചെത്തിയ പൂജ ശകുന്‍ പാണ്ഡെ ഗാന്ധി പ്രതിമയ്ക്ക് നേരെ തോക്ക് ചൂണ്ടുമ്പോള്‍ പ്രതിമയില്‍ നിന്ന് രക്തം വരുകയായിരുന്നു. ഗാന്ധി കോലത്തിന് വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ഗാന്ധിജിയുടെ കൊലപാതകിയും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന നഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. നേരത്തെയും ഗാന്ധി രക്തസാക്ഷി ദിനം ഹിന്ദു മഹാസഭാ ആഘോഷിച്ചിരുന്നു.

ആത്മീയതയുടെയും സനാതനധര്‍മത്തിന്റെയും പ്രതീകമായി കല്‍പ്പിക്കപ്പെട്ട കാവി വാരിച്ചുറ്റി നടക്കുന്ന ഒരു സ്ത്രീ ലോകരാഷ്ട്രങ്ങള്‍ പോലും ആദരവോടെ മാത്രം കാണുന്ന ഒരു മഹാത്മാവിനോട് കാട്ടിയ അനാദരവ് ഇന്ത്യന്‍ ജനതയ്ക്കാകമാനം അപമാനം നല്‍കുന്നതായി മാറി. ഗോഡ്‌സെയ്ക്ക് മുമ്പെ ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ താന്‍ കൊല്ലുമായിരുന്നെന്ന് വിവാദപ്രസ്താവന നടത്തി മുമ്പ് തന്നെ കുപ്രസിദ്ധയാണ് പൂജ ശകുന്‍ പാണ്ഡെ. ഇ്ത്യ പാക് വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായത് ഗാന്ധിജി ആണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ രാഷ്ട്രപിതാവെന്ന് വിളിക്കരുതെന്നും ഗാന്ധിജിയെ പോലെ ആകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ വെടിവെച്ച് കൊല്ലുമെന്നും ഹിന്ദു മഹാസഭയുടെ ഈ ദേശീയ സെക്രട്ടറി ഭീഷണി മുഴക്കിയിട്ടുമുണ്ട്.

കളങ്കമാകുന്നത് ഹൈന്ദവപ്രസ്ഥാനങ്ങള്‍ക്ക്

ഹൈന്ദവവിശ്വാസങ്ങളും ആചാരങ്ങളും അടിച്ചമര്‍ച്ചപ്പെടുന്നെന്ന പരാതികള്‍ക്കിടയില്‍ ഹിന്ദുത്വ ശക്തികള്‍ ഒറ്റക്കെട്ടായി വിശ്വസത്തിനായി നിലകൊള്ളാന്‍ തീരുമാനിച്ചിരിക്കുന്ന വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് ഹിന്ദുമഹാസഭ എന്ന സംഘടന അതീവനിന്ദ്യവും നീചവുമായ പ്രവൃത്തിയുമായി രംഗത്തെയിരിക്കുന്നത്. സര്‍വ്വചരാചരങ്ങളുടെയും ശാന്തിക്കായി പ്രാര്‍ത്ഥിച്ച് അതിനായി ത്യാഗഭരിതമായ ജീവിതം നയിച്ചുവന്നിരുന്ന സനാതന സന്യാസപരമ്പരയ്ക്ക് അപമാനകരമാകുംവിധം ഹിന്ദുത്വവും കാവിയും അവര്‍ മലീമസമാക്കുകയാണ്.

വിഭജനത്തെയും അഹിംസയേയും എതിര്‍ത്ത് തുടക്കം

1915 ല്‍ തുടങ്ങിയ മഹാസഭയാണ് 1921 ഹിന്ദു മഹാസഭയായി തീര്‍ന്നത്. 1906 മുസ്ലിങ്ങള്‍ക്ക് പ്രത്യേക നിയോജകമണ്ഡലം നല്‍കിയപ്പോഴാണ് സംഘടനകളുടെ ആവശ്യകത ഹിന്ദു നേതാക്കള്‍ക്ക് മനസിലാക്കുന്നതും അതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുന്നതും. രൂപീകരിക്കപ്പെട്ട നാള്‍ മുതലേ വിവാദങ്ങളുടെ കൂടെയാണ് ഈ സംഘടന. ബ്രിട്ടീഷുകാരെ തുരത്താനുള്ള പോരാട്ടങ്ങളിലൊന്നിലും ഈ സംഘടനയുടെ സാന്നിധ്യം ചരിത്രം കാര്യമായി രേഖപ്പെടുത്തുന്നില്ല. മാത്രമല്ല ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനും, നിയമലംഘന പ്രസ്ഥാനത്തിനും എതിരെ ഇവര്‍ മുഖം തിരിച്ചു നില്‍ക്കുകയും ചെയ്തവരാണ് ഹിന്ദുമഹാസഭയുടെ നേതാക്കള്‍. മതേതരത്വം ആയിരുന്നില്ല ഹിന്ദുമതമായിരുന്നു ഈ സംഘടനയുടെ പിടിവള്ളി. മുസ്ലീം ലീഗിന്റെ വിഘടന രാഷ്ട്രീയം തടയുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ മതേതരസങ്കല്‍പ്പത്തിനെതിരെ ആലുകളെ അണിനിരത്താനും ഇവര്‍ ശ്രമം നടത്തിയിരുന്നു.

ഗോഡ്‌സേയുടെ കൊടുംപാതകം

തുടക്കത്തില്‍ വിനായക് ദാമോദര്‍ സാവര്‍ക്കര്‍, ശ്യാമ പ്രസാദ് മുഖര്‍ജി തുടങ്ങിയവര്‍ സംഘടനയ്‌ക്കൊപ്പം നിന്നു. സവര്‍ക്കര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഹിന്ദു രാഷ്ട്ര ആശയമായിരുന്നു ഹിന്ദു മഹാസഭ പ്രചരിപ്പിച്ചത്. അഹിംസയെയും സിവില്‍ നിയമലംഘനങ്ങളെയും മതേതരത്വത്തേയും വിമര്‍ശിച്ച ഹിന്ദുമഹാസഭ മുസ്ലീം ലീഗിനെ ശക്തമായി എതിര്‍ത്തു. മുസ്ലിങ്ങളെയും ഏകോപിക്കാനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളെ ശക്തമായി എതിര്‍ത്തത് വി ഡി സവര്‍ക്കര്‍ തന്നെയായിരുന്നു. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം സവര്‍ക്കറും ഹിന്ദുമഹാസഭയും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. 1948 ജനുവരി 30-ന് നാഥുറാം ഗോഡ്‌സേയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുകയും നാഥുറാം വിനായ്ക ഗോഡ്‌സേയും കൂട്ടാളികളും അറസ്റ്റിലാകുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇവര്‍ ഹിന്ദുമഹാ സഭയുടെ അംഗങ്ങളാണെന്ന് സംശയാതീതമായി തെളിഞ്ഞു. അതോടെ ഹിന്ദുമഹാസഭയെ ജനം മാറ്റിനിര്‍ത്താന്‍ തുടങ്ങി.

മുളയിലേ നുള്ളേണ്ട അപകടം

ആവശ്യമായ നേതൃത്വമോ ദിശാബോധമോ ഇല്ലാതെ സംഘടന ക്ഷയിക്കുന്നതിനാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. സംഘടനയുടെ നയങ്ങളില്‍ വിയോജിപ്പുണ്ചായിരുന്ന നല്ലൊരു വിഭാഗം പ്രവര്‍ത്തകരും പിന്നീട് ജനസംഘത്തില്‍ ചേര്‍ന്നു. അധികം ശ്രദ്ധിക്കപ്പെടാതെ കിടന്ന സംഘടന വിവാദ പ്രസ്താവനകളില്‍കൂടിയാണ് പലപ്പോഴും വാര്‍ത്തകളില്‍ ്സ്ഥാനം പിടിക്കുന്നത്. 2014 ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം തങ്ങളുടെ അജണ്ടകള്‍ ഉറക്കെ പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ സജീവമാകാന്‍ തുടങ്ങി. ഗോഡ്സെയുടെ മഹത്വ വല്‍ക്കരണം ഇതിന്റെ തുടര്‍കഥയാണ്. 2016 സ്വയം പ്രഖ്യാപിത ഗോ സംരക്ഷകര്‍ക്കെതിരെ മോഡി നടത്തിയ പരാമര്‍ശം അദ്ദേഹത്തെയും മഹാസഭയുടെ എതിര്‍ പക്ഷത്താക്കി. ഗോഡ്‌സേയുടെ പ്രതിമ സ്ഥാപിക്കല്‍ മുതല്‍ ഹിന്ദു രാഷ്ട്രം വരെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ മഹാസഭയുടെ ആവശ്യങ്ങള്‍ നീളുകയാണ്. ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം വരുത്തുന്ന നിലപാടുകളാണ് പലതും. അത്തരം ആശയങ്ങള്‍ക്ക് വളവും വെള്ളവും നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് കേന്ദ്രം ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button