KeralaNews

നാളീകേര ഉല്‍പാദനത്തിന് പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍

 

തിരുവനന്തപുരം: നാളികേരത്തിന്റെ ഉല്‍പാദനവര്‍ദ്ധനയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ തേങ്ങയ്ക്ക് 20 ശതമാനമെങ്കിലും ഉയര്‍ന്ന വില ലഭ്യമാക്കുന്നതും നവകേരളത്തിന്റെ പ്രധാനലക്ഷ്യമാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. നാളികേരത്തിന്റെ ഉപഉല്‍പ്പന്നങ്ങളും സംസ്‌കരിക്കാന്‍ സംവിധാനങ്ങള്‍ ഉറപ്പുവരുത്തും. മൂല്യവര്‍ദ്ധിത നാളികേര ഉല്‍പ്പന്നങ്ങള്‍ കൃഷിക്കാരുടെ പ്രൊഡ്യൂസര്‍ കമ്പനികളോ സഹകരണ ബാങ്കുകളോ പ്രാദേശികമായി ബ്രാന്‍ഡ് ചെയ്തു വില്‍ക്കും. അല്ലെങ്കില്‍ കേരഫെഡിന്റെയോ കുടുംബശ്രീയുടെയോ മറ്റെതെങ്കിലും സംവിധാനം വഴിയോ സംസ്ഥാനതല ബ്രാന്‍ഡായി വിപണനം നടത്താന്‍ സൗകര്യമുണ്ടാക്കുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

തെങ്ങ് കയറുന്നതിനും തേങ്ങ പൊളിക്കുന്നതിനുമുള്ള നവീകരിച്ച യന്ത്രങ്ങള്‍, തൊണ്ട് ചകിരിയാക്കുന്നതിനുമുള്ള യന്ത്രങ്ങള്‍ എന്നിവ 90 ശതമാനം സബ്‌സിഡിയില്‍ സ്‌കീമില്‍ ചേരുന്ന സഹകരണ സംഘങ്ങള്‍ക്ക് കയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കും. ചകിരിയും ചകിരിച്ചോറും ന്യായമായ ലാഭം ഉറപ്പുവരുത്തി കയര്‍ഫെഡ് വാങ്ങും. കേരള നാളികേര കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. ഗുണനിലവാരമുള്ള തെങ്ങിന്‍തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ടിഷ്യു കള്‍ച്ചറിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താനാണ് നിര്‍ദേശം. കേരഗ്രാമം പദ്ധതിയെ ആസ്പദമാക്കി തെങ്ങിന്റെ ശാസ്ത്രീയ പരിപാലനം ഉറപ്പുവരുത്തും. ഇതിനായി കേരഗ്രാമം പദ്ധതിക്ക് 43 കോടി രൂപ വകയിരുത്തി.

കേരഗ്രാമങ്ങളെ സഹകരണ ബാങ്കുകളുമായി ബന്ധിപ്പിക്കും. തെങ്ങുകയറ്റവും പരിചരണവും ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കേരസര്‍വ്വീസ് സംഘങ്ങള്‍ നടത്തും. വീട്ടുവളപ്പില്‍ നിന്നും തേങ്ങ കൊണ്ടുപോകുന്ന സമയത്തു തന്നെ കൃഷിക്കാരന്റെ അക്കൗണ്ടിലേയ്ക്ക് ഉയര്‍ന്ന വില ഓണ്‍ലൈനായി നല്‍കും. നാളികേര കര്‍ഷകര്‍ക്കു വേണ്ടി പ്ലാനില്‍ 70 കോടിയാണ് വകയിരുത്തല്‍. മറ്റൊരു 100 കോടി രൂപ, സഹകരണ ബാങ്കുകള്‍, തദ്ദേശ ഭരണസ്ഥാപനങ്ങള്‍, കയര്‍ വകുപ്പ് എന്നിവയില്‍ നിന്ന് ലഭ്യമാക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button