ഒടുവില്‍ മഹാഭാരതം യാഥാര്‍ത്ഥ്യമാകുന്നു; കോടികളുടെ കരാറില്‍ ഒപ്പുവെച്ചു

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം സിനിമയുടെ നിര്‍മ്മാണത്തിന്റെ കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍. 1200 കോടി രൂപ നിര്‍മ്മാണ ചെലവിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും കരാറില്‍ നിര്‍മ്മാതാവും സംവിധായകനും ഒപ്പുവെച്ചെന്നും ജോമോന്‍ പറഞ്ഞു. നിര്‍മ്മാതാവ് ഡോ. എസ്.കെ നാരായണനും ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പുവെക്കുന്നതായി തോന്നിക്കുന്ന ചിത്രവും ജോമോന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി താന്‍ തന്നെ മഹാഭാരതം സംവിധാനം ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോന്‍ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്ന ഈ ചിത്രത്തില്‍ എം.ടിയുടെ തിരക്കഥ തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. തിരക്കഥ കൈമാറ്റം ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്തതിനെ തുടര്‍ന്ന് തിരക്കഥ ശ്രീകുമാര്‍ മേനോനില്‍ നിന്നും തിരിച്ചു വാങ്ങാനായി എം.ടി നിയമത്തിന്റെ സഹായം തേടിയത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഈ പ്രതിസന്ധികള്‍ക്കെല്ലാമൊടുവിലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

Share
Leave a Comment