സുമംഗലികളായ സ്ത്രീകൾ സിന്ദൂരരേഖയിൽ സിന്ദൂരമണിയുന്നതു പോലെ തന്നെ പ്രാധാന്യമുണ്ട് നെറ്റിയിൽ ചാർത്തുന്ന കുങ്കുമ പൊട്ടിനും. നിസാരമെന്നു പുറം രാജ്യങ്ങളിലുള്ളവർക്കു തോന്നുമെങ്കിലും ഭാരതീയർ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി കരുതിപ്പോരുന്ന ഒന്നാണ് നെറ്റിയിലെ ചുവന്ന നിറത്തിലുള്ള വട്ടപൊട്ട്. സ്ത്രീകൾ അണിയുന്ന ഈ സിന്ദൂര പൊട്ട് വെറും പൊട്ടല്ലെന്നാണ് ഹൈന്ദവഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. തിരുനെറ്റിയിൽ അണിയുന്ന ഈ കുങ്കുമതിലകത്തിനു ഗുണങ്ങളേറെയുണ്ട്.
ബിന്ദു എന്ന സംസ്‌കൃത വാക്കിൽ നിന്നാണ് ബിന്ദി അഥവാ പൊട്ടിന്റെ ജനനം. സ്ത്രീകൾ അണിയുന്ന പൊട്ടിനെ ബിന്ദി എന്നു പേരിട്ടു വിളിക്കുമ്പോൾ തിലക് എന്നാണ് പുരുഷന്മാർ നെറ്റിയിൽ ചാർത്തുന്ന പൊട്ടിനു പേര്. പൊട്ട് അണിയുന്നതിനും പ്രത്യേകയിടമുണ്ടെന്നു ഹൈന്ദവ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്നു. തൃക്കണ്ണിന്റെ സ്ഥാനത്തു വേണം ബിന്ദി അണിയേണ്ടത്. ഇങ്ങനെ യഥാസ്ഥാനത്തു ബിന്ദി ചാർത്തിയാൽ ചുറ്റിലുമുള്ള അനുകൂല ഊർജം ആ വ്യക്തിയുടെ തൃക്കൺ ചക്രയെ ഉത്തേജിപ്പിക്കുമെന്നാണ് വിശ്വാസം മാത്രമല്ല, ഹൈന്ദവ ആചാരപ്രകാരം സുമംഗലിയായ സ്ത്രീകൾ അണിയേണ്ട 16 ആഭരണങ്ങളിൽ പ്രത്യേക സ്ഥാനമുള്ള ഒന്നുകൂടിയാണ് ബിന്ദി. സൗന്ദര്യത്തിനുപരിയായി കുങ്കുമം അണിയുന്നതു സ്ത്രീകളുടെ ശരീരചക്രത്തെ തുലനാവസ്ഥയിലൂടെ കൊണ്ടുപോകുന്നതിനൊപ്പം അവർക്കുചുറ്റും ഊർജ്ജദായകമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
പരമ്പരാഗതമായി ബിന്ദി അണിയുന്നതു ഇരുപുരികങ്ങൾക്കും മധ്യേയാണ്. ഈ ഭാഗമാണ് തൃക്കൺ ചക്ര അഥവാ ആഗ്യ ചക്ര എന്നറിയപ്പെടുന്നത്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായാണ് ഇതിനെ പരിഗണിക്കുന്നത്. മൂന്നു സുപ്രധാന നാഡികളായ ഇട, പിങ്ഗള, സുഷുമ്ന എന്നിവയ്ക്കിടയിലാണ് ഇതിന്റെ സ്ഥാനം. യോഗശാസ്ത്ര പ്രകാരവും ശരീരത്തിലെ സുപ്രധാന ഭാഗമാണ് നെറ്റിയിലെ ഇരുപുരികങ്ങൾക്കിടയിലെ ഈ ബിന്ദു. ശരീരത്തിലെ എല്ലാ ഭാഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇവിടം എല്ലായ്‌പ്പോഴും സുതാര്യവും തടസങ്ങളൊന്നുമില്ലാതെയും സൂക്ഷിക്കണമെന്നാണ് യോഗശാസ്ത്രം പറയുന്നത്. ഈ ചക്രത്തിനു ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഭവിക്കുന്നത്, പ്രപഞ്ചത്തിൽ നിന്നുള്ള ഊർജ്ജ രൂപമായ കോസ്മിക് എനർജിയെ ശരീരവുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. കോസ്മിക് എനർജി, പ്രകൃത്യാതീത ശക്തി നൽകുമെന്നാണ് വിശ്വാസം.
ബിന്ദി അണിയുമ്പോൾ ശരീരചക്രം ഉണർന്നു പ്രവർത്തിക്കുന്നു. എന്നാൽ ഇന്ന് പലരും കുങ്കുമം അണിയുന്നതിനു പകരമായി ഒട്ടിച്ചു വെയ്ക്കുന്ന ബിന്ദിയാണ് ഉപയോഗിക്കുന്നത്. വസ്ത്രത്തിനു ചേരുന്ന നിറത്തിലുള്ളതും പല പല നിറങ്ങളിൽ ഉള്ളതുമായ, ഒട്ടിക്കാൻ കഴിയുന്ന ബിന്ദികൾ ഗുണത്തേക്കാളേറെ ദോഷങ്ങൾക്കു ഹേതുവാകുന്നു. ഇത് ശരീരചക്രത്തിലേക്കുള്ള ഊർജ്ജത്തിനു തടസമാകുന്നതിനൊപ്പം പ്രപഞ്ചത്തിലുള്ള കോസ്മിക് എനർജിയെ ശരീരവുമായി ബന്ധിപ്പിക്കുന്നതിനു വിഘ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പുരാതനകാലത്തു ബിന്ദി/ തിലകം അണിയുക നിത്യേനെ ഉള്ള കർമമായിരുന്നു. സ്ത്രീകൾ, പുരുഷന്മാർ എന്ന വിവേചനമില്ലാതെ കുങ്കുമം, മഞ്ഞൾ, ചന്ദനം, ഭസ്മം എന്നിവയാൽ ബിന്ദിയോ തിലകമോ തൃക്കൺ ചക്രയുടെ സ്ഥാനത്തു തൊടുമായിരുന്നു. ഇതെപ്പോഴും ശരീരത്തിനു ഉണർവും ഊർജ്ജവും കൈവരുന്നതിനു സഹായിക്കുകയും ചെയ്തിരുന്നു.
Post Your Comments