KeralaLatest News

ചര്‍ച്ച പരാജയം; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്രക്കൊരുങ്ങി എന്‍ഡോസള്‍ഫാന്‍ സമര സമിതി

 

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകര്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയം. ദുരിതബാധിതര്‍ നടത്തി വരുന്ന സമരം തുടരുമെന്നും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ. കെ ശൈലജയുമാണ് സമരസമിതിയുമായി ഇന്ന് ചര്‍ച്ച നടത്തിയത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തുമെന്നും ഇരകളെ നിശ്ചയിക്കുന്നതില്‍ അതിര്‍ത്തികള്‍ ബാധകമാക്കരുതെന്നും സമിതി പറഞ്ഞു.

തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബത്തിന്റെ പട്ടിണിസമരം മൂന്നാം ദിനത്തിലേക്ക് കടന്നു. സഹായത്തിന് അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടു കുട്ടികളും അവരുടെ രക്ഷിതാക്കളുമുള്‍പ്പെടെ മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

അതേസമയം സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീംകോടതി വിധി പ്രകാരം ധനസഹായത്തിന്റെ മൂന്ന് ഗഡുക്കളും നല്‍കി. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button