കൊച്ചി: ഒരു കുട്ടിയുടെ ആവേശത്തോടെ വാപ്പച്ചി ചെയ്ത ചിത്രമാണ് പേരന്‍പെന്ന് ദുല്‍ഖര്‍ സല്‍മാന്‍. കേരളത്തില്‍ ചിത്രം ഇന്ന് പ്രദര്‍ശനെത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി ദുല്‍ഖര്‍ രംഗത്ത് വന്നത്. കലയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശമാണ് ഇത്തരമൊരു സിനിമയായി മാറിയതെന്നും ദുല്‍ഖര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ 117 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ മണിക്കൂറുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
10 വര്‍ഷത്തെ ഇടവേളക്കു ശേഷം മമ്മൂട്ടി തമിഴില്‍ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും പേരന്‍പിനുണ്ട്. നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി തന്നെ വേണമെന്ന തീരുമാനത്തില്‍ അദ്ദേഹത്തിന്റെ ഡേറ്റിനായി സംവിധായകന്‍ റാം വര്‍ഷങ്ങള്‍ കാത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് ഏഴ് കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഇതുവരെ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
സമുദ്രക്കനി, അഞ്ജലി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. മലയാളം പതിപ്പില്‍ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം.
Post Your Comments