കൊടുങ്ങല്ലൂര്‍: മുനമ്പം തീരത്തുനിന്ന് 19 ദിവസം മുമ്പ് ന്യൂസീലന്‍ഡ് ലക്ഷ്യമാക്കി പുറപ്പെട്ട മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ച് വിവരം ലഭിക്കാതെ പോലീസും അന്വേഷണ ഏജന്‍സികളും വലയുന്നു. അതേസമയം മനുഷ്യക്കടത്ത് ഏജന്റുമാര്‍ ഗുരുവായൂരിലും മറ്റു ചിലയിടങ്ങളിലും വലിയതോതില്‍ വിദേശ കറന്‍സികള്‍ മാറിയതായി വിവരമുണ്ട്.
ഇതേത്തുടര്‍ന്ന് ഗുരുവായൂരിലെ വിദേശനാണ്യ വിനിമയ സ്ഥാപനത്തില്‍ കൊടുങ്ങല്ലൂര്‍ സി.ഐ. പി.കെ. പദ്മരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തി. ഇതിന്റെ ഉടമയില്‍നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
ഗുരുവായൂരിലെ മൂന്നു ലോഡ്ജുകളിലായി ഡിസംബര്‍ നാലുമുതല്‍ 11 വരെയാണ് 91 അംഗ സംഘം പ്രാര്‍ഥനാസംഘമെന്ന വ്യാജേന താമസിച്ചത്. ഇവിടെനിന്ന് ഒരു ടൂറിസ്റ്റ് ബസിലും ടെമ്പോ ട്രാവലറിലുമായാണ് സംഘം മുനമ്പത്തേക്ക് തിരിച്ചത്.
ന്യൂസീലന്‍ഡ് ലക്ഷ്യമാക്കി ഇന്‍ഡൊനീഷ്യ വഴി നീങ്ങുന്ന മനുഷ്യക്കടത്ത് സംഘം ഇപ്പോഴെവിടെയാണെന്ന് വ്യക്തമല്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് വിവരം കൈമാറിയിട്ടുണ്ട്
Post Your Comments