തിരുവനന്തപുരം: കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖമായ ബജറ്റാണ് നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അടിയന്തരമായ ധനാശ്വാസ നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രവികസന പരിപാടികളും സമുന്നയിപ്പിക്കുന്ന ബജറ്റാണിത്. കാലവര്‍ഷക്കെടുതി സൃഷ്‌ടിച്ച പ്രതിസന്ധികളും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് അവതരിപ്പിച്ച ഈ ബജറ്റ് സാധാരണക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള വികസനത്തിന്റെ ദൗര്‍ബല്യമായി വിലയിരുത്തപ്പെടുന്ന കാര്‍ഷിക, വ്യാവസായിക മേഖലകളിലെ മുരടിപ്പ് മാറ്റുന്നതിനും ആ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ ഈ ബജറ്റിലുണ്ട്. പശ്ചാത്തല മേഖലയെ ശക്തിപ്പെടുത്താനുള്ള കാഴ്‌ചപ്പാടും ഇത് മുന്നോട്ടുവയ്‌ക്കുന്നുണ്ട്. മൂലധന നിക്ഷേപത്തിന്റെ വര്‍ദ്ധനവ് ഈ ബജറ്റിനെ ശ്രദ്ധേയമാക്കുന്നുണ്ട്. സാമൂഹ്യക്ഷേമ മേഖലയില്‍ നിന്ന് പിന്‍മാറുന്ന ആഗോളവത്‌കരണ നയങ്ങള്‍ക്ക് ബദല്‍ സമീപനവും ഇത് മുന്നോട്ടുവയ്‌ക്കുന്നു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരാണെന്ന സംഘപരിവാര്‍ പ്രചരണത്തിന്റെ വായടപ്പിക്കുന്ന തരത്തിലുള്ള സമീപനവും ബജറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷനുകളുടെ വര്‍ദ്ധന, സ്‌ത്രീശാക്തീകരണത്തിന് പ്രത്യേക പരിഗണന, പരമ്പരാഗത മേഖലയെ സംരക്ഷിക്കാനുള്ള ഇടപെടല്‍, നാളികേരത്തിനും റബ്ബറിനുമുള്ള സവിശേഷ പരിഗണന തുടങ്ങിയവയെല്ലാം ജനങ്ങള്‍ക്ക് ഏറെ ഗുണകരമായിട്ടുള്ളതാണ്. മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഉള്ള ഊന്നല്‍ ഭാവി കേരളത്തിന്റെ മുന്നോട്ടുപോക്കിനും സഹായകരമാണ്.
പ്രളയ ദുരന്തങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലെ ജനങ്ങള്‍ക്കും പരിഗണനയും സഹായവും നല്‍കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments