കൊച്ചി : മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ കോലത്തിന് നേര്‍ക്ക് നിറയൊഴിച്ച് ആഘോഷിച്ച ഹിന്ദുമഹാ സഭാ നേതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധം. മലയാളത്തിലെ പ്രശസ്ത കവിയും വിവര്‍ത്തകനുമായ സച്ചിദാനന്ദന്‍ഫെയ്‌സ്ബുക്കിലൂടെ ഈ വിഷയത്തില്‍ പ്രതിഷേധമറിയിച്ചു. ‘ദൈവമേ, ദൈവമേ ഈ കുറ്റവാളികളോട് ഒരിക്കലും ക്ഷമിക്കരുതേ’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഇന്നലെ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ലോകമെമ്പാടും ആചരിക്കുമ്പോഴായിരുന്നു ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ ഗാന്ധിജിയുടെ മുഖമുള്ള കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
വെടിയുതിര്‍ത്തതിന് ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സേയുടെ പ്രതിമയില്‍ ഹാരവും അണിയിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മനോജ് സൈനി, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിയുടെ കോലം കത്തിച്ചത് മനോജ് ആയിരുന്നു. വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ഉടന്‍ കണ്ടെത്തുമെന്നും സര്‍ക്കിള്‍ ഓഫീസര്‍ നീരജ് കുമാര്‍ വ്യക്തമാക്കി. ഇതിനിടെ കേരള സൈബര്‍ വാരിയേഴ്‌സ് ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തതും ഏറെ വാര്‍ത്താ പ്രാധാന്യം നേടി.
Post Your Comments