അലിഗഡ്: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. കണ്ടാലറിയുന്ന 13 പേര്‍ക്കെതിരെ ഈ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അലിഗഡ് എസ്‌എസ്പി ആകാശ് കുല്‍ഹാരി ഇന്ത്യ ടുഡേയോട് പറഞ്ഞു. ഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്ന വീഡിയോ വലിയ വിവാദമായതോടെയാണ് പൊലീസ് നടപടി.
ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറിയുടെ പ്രകോപനപരമായ പെരുമാറ്റം. ഇതിന് ശേഷം ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പൂജ ശകുന്‍ പാണ്ഡെയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഹിന്ദു മഹാസഭ പൊലീസിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments