ദില്ലി: ശ്രീശാന്തിനെതിരെ വിമർശനവുമായി സുപ്രീംകോടതി. ആജീവനാന്തവിലക്ക് അഞ്ച് വർഷമാക്കി ചുരുക്കാനേ ശ്രീശാന്തിന് അപേക്ഷ നൽകാനാകൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വേറൊന്നും ശ്രീശാന്തിന് ചോദിക്കാനാകില്ല. ശ്രീശാന്തിന്‍റെ സ്വഭാവം മോശമായിരുന്നില്ലേ എന്നും, എന്തിന് കയ്യിൽ ഇത്രയധികം പണം കരുതിയെന്നും കോടതി ചോദിച്ചു.
എന്നാൽ ഒരു അനാഥാലയത്തിന് നൽകാനാണ് കയ്യിൽ പണം കരുതിയതെന്നാണ് ശ്രീശാന്തിന്‍റെ അഭിഭാഷകൻ പറഞ്ഞത്. തുടർന്ന് കോഴക്കേസിൽ നിങ്ങൾ പൊലീസിനോട് കുറ്റം സമ്മതിച്ചതെന്തിനെന്ന് കോടതി ചോദിച്ചു. പൊലീസ് മർദ്ദിച്ചതുകൊണ്ടാണ് കുറ്റം സമ്മതിച്ചതെന്നും യഥാർഥത്തിൽ ഐപിഎൽ കോഴയിൽ തനിക്ക് പങ്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു. കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്നും സമയം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു.
ജസ്റ്റിസുമാരായ കെ എം ജോസഫ്, അശോക് ഭൂഷൺ എന്നിവരാണ് ഇന്ന് കേസ് പരിഗണിച്ചത്. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്തവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹർജി നൽകിയത്.
Post Your Comments