കൊല്ലം: മാട്രിമോണിയലിലൂടെ എം ടെക് ബിരുദധാരിയെന്ന് പരസ്യം ചെയ്ത് പരിചയപ്പെടുത്തി വിവാഹം ഉറപ്പിച്ചശേഷം വീട്ടുകാരുടെ വിശ്വാസം പിടിച്ചെടുത്ത് ലക്ഷങ്ങളുമായി കടന്ന പ്രതിശ്രുത വരന്‍ അറസ്റ്റില്‍. യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചശേഷം ചതിയിലൂടെ ആറുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം മുണ്ടയ്ക്കല്‍ ടി.ആര്‍.എ (94) ശ്രീവിലാസത്തില്‍ സുജിത്ത് ആണ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം ആദ്യം തുടങ്ങിയ തട്ടിപ്പിന്റെ പരരമ്പരയ്ക്കൊടുവില്‍ വ്യാജരേഖ ചമച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയത്. എം.ടെക് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ എന്ന നിലയ്ക്കാണ് തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ വീട്ടുകാരുമായി സുജിത്ത് അടുപ്പം സ്ഥാപിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരി 23ന് വിവാഹ നിശ്ചയവും നടന്നു. അന്ന് ഒന്നര പവന്റെ ബ്രേസ്ലെറ്റ് യുവതി ഭാവി വരന് സമ്മാനിച്ചു.
തുടര്‍ന്ന് അഞ്ച് തവണകളായി 5.99 ലക്ഷം രൂപയും ഒരു ടാബും യുവതിയുടെ വീട്ടുകാരില്‍ നിന്ന് കൈപ്പറ്റി. അമ്മയുടെ ചികിത്സാ ചെലവിനെന്ന പേരിലാണ് പല തവണയും പണം വാങ്ങിയത്. ടാബ് യുവതിയുടെ പക്കല്‍ നിന്ന് താത്കാലിക ആവശ്യത്തിന് വാങ്ങിയ ശേഷം തിരികെ നല്‍കിയില്ല.
ഭാവി മരുമകനായതുകൊണ്ടും ആവശ്യം ന്യായമാണെന്ന് ധരിച്ചുമാണ് യുവതിയുടെ രക്ഷിതാക്കള്‍ പണം നല്‍കിയത്. ഇതിനിടെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23ന് തൃശൂര്‍ കലക്ടറേറ്റില്‍ ഓഫീസ് അസിസ്റ്റന്റായി നിയമനം കിട്ടിയെന്ന് കാണിച്ച് സുജിത്ത് യുവതിയെ വിവരം അറിയിച്ചു. പിന്നാലെ വാട്ട്സ് ആപ്പില്‍ നിയമന ഉത്തരവും അയച്ചു കൊടുത്തു.
യുവതിയുടെ അടുത്ത ബന്ധു കലക്ടറേറ്റില്‍ ജോലി ചെയ്യുന്നതിനാല്‍ അവര്‍ നടത്തിയ അന്വേഷണത്തില്‍ നിയമന ഉത്തരവ് വ്യാജമാണെന്ന് തെളിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയില്ല. പകരം വിവാഹം നടക്കില്ലെന്നും വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ പണം നല്‍കാതെ സുജിത് പല ഒഴിവുകളും പറഞ്ഞ് മുങ്ങുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം യുവതിയുടെ മാതാവ് കൊല്ലം ഈസ്റ്റ് പോലീസിന് പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 420 (വഞ്ചന), 468 (കബളിപ്പിക്കണമന്ന ഉദ്ദേശത്തോടെ തെറ്റായ വിവരങ്ങള്‍ നല്‍കിയുള്ള നീക്കങ്ങള്‍), 471 (വ്യാജ രേഖ ചമയ്ക്കല്‍) കേരളാ പോലീസ് ആക്ട് 120(ഒ) (വിവിധ ആശയവിനിമയ മാര്‍ഗങ്ങളിലൂടെ ഒരാളെ പിന്തുടര്‍ന്ന് നിരന്തരമായി ശല്യപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സുജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ചുലാലാണ് കേസ് അന്വേഷിച്ചത്.
Post Your Comments