കാണ്‍പൂര്‍: മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ഓരോ ആഴ്ച്ചയിലും ഓരോ പ്രധാനമന്ത്രിയായിരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഞായറാഴ്ച പ്രധാനമന്ത്രിയുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ബെഹന്‍ജിയായിരിക്കും തിങ്കളാഴ്ച പ്രധാനമന്ത്രി, ചെവ്വാഴ്ച്ച അഖിലേഷ് ജി, മമത ദീദി ബുധനാഴ്ചയും ശരത് പവാര്‍ വ്യാഴാഴ്ചയും ദേവഗൗഢ വെള്ളിയാഴ്ചയും സ്റ്റാലിന്‍ ശനിയാഴ്ചയും പ്രധാനമന്ത്രിയാകും. എന്നാല്‍ ഞായറാഴ്ച പ്രധാനമന്ത്രിയാകാന്‍ ആരുമുണ്ടാകില്ല. അന്ന് രാജ്യത്തിന് ആകെ അവധിയായിരിക്കും അമിത് ഷാ പരിഹസിച്ചു.
അതേസമയം, രാമജന്മഭൂമിയെ കുറിച്ച് പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു. രാമന്‍ ജനിച്ച മണ്ണില്‍ ബി.െജ.പി ക്ഷേത്രം പണിയും. തര്‍ക്കഭൂമി സംബന്ധിച്ച കേസ് കോടതി പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് അഭിഭാഷകര്‍ തടസം ഉന്നയിക്കുന്നു. 42 ഏക്കര്‍ ഭൂമി രാമജന്മഭൂമി ന്യാസിന് കൊടുക്കാനുള്ള മോദി സര്‍ക്കാറിന്റെ തീരുമാനം മികച്ചതാണെന്നും അമിത് ഷാ പറഞ്ഞു. പാര്‍ട്ടി ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലൂടെ മാത്രമേ ഡല്‍ഹിയിലേക്കുള്ള പാത സാധ്യമാകൂവെന്ന് ജനങ്ങള്‍ പറയുന്നു. ബി.ജെ.പിയെ ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കാന്‍ നീക്കം നടത്തുന്നത്. ബി.ജെ.പിക്കാണ് ജനാധിപത്യ അടിത്തറയുള്ളത്. ഞാന്‍ 1982ല്‍ ഗുജറാത്തിലെ നാരായണപുര ബൂത്തിന്റെ അധ്യക്ഷനായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷനാണ്. ഇത് ബി.െജ.പിയില്‍ മാത്രമാണ് സാധ്യമാകുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
പൊലീസ് കുറ്റവാളികളെ ഭയക്കുന്നില്ല. എന്നാല്‍, കുറ്റവാളികള്‍ പൊലീസിനെ ഭയക്കുന്നു. അവര്‍ കീഴടങ്ങുന്നു. ബി.ജെ.പി വിജയിക്കുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments