കൊച്ചി: അടുത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രചാരണങ്ങള്‍ക്ക് തുടക്കമിടാനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. ഇന്നു വൈകിട്ട് മൂന്നിന് മറൈന്‍ ഡ്രൈവില്‍ ചേരുന്ന സമ്മേളനം പ്രചാരണങ്ങള്‍ക്ക് നാന്ദി കുറിക്കുന്ന വേദിയായി മാറും.
ഉച്ച കഴിഞ്ഞ് 1.35നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം, അന്തരിച്ച എം.ഐ. ഷാനവാസിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കും. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്കു പോകും. മൂന്നിന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും കെപിസിസി, ഡിസിസി ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ 50,000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു വിലയിരുത്തല്‍.
4.30നു ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടക്കും. ഒരു മണിക്കൂര്‍ നീളുന്ന കൂടിക്കാഴ്ച മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള ഇഴയടുപ്പവും സ്വന്തം കരുത്തിലുള്ള ആത്മവിശ്വാസവും വര്‍ധിപ്പിക്കാന്‍ ഉതകുമെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും സംബന്ധിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
Post Your Comments