Latest NewsKeralaCrime

യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി; പ്രതിയെന്നു സംശയിക്കുന്ന ആള്‍ തൂങ്ങിമരിച്ച നിലയില്‍

കുമളി: യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്നു പൊലീസ് സംശയിക്കുന്നയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഹരി ഭവനില്‍ സെന്തില്‍ കുമാറിന്റെ(34) മൃതദേഹമാണു ഞായറാഴ്ച വൈകിട്ട് വാളാടി മേപ്രട്ടിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടാണു കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെന്നു സംശയിച്ച് പൊലീസ് തിരയുന്ന വാളാടി മേപ്രട്ട് സ്വദേശി ഗുരു സ്വാമിയെ (64) ആണു തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സെന്തില്‍ കുമാറിന്റെ ബന്ധുവാണു ഗുരുസ്വാമി

വെള്ളിയാഴ്ച കാണാതായ സെന്തില്‍ കുമാറിന്റെ മൃതദേഹം ഞായറാഴ്ച ഗുരുസ്വാമിയുടെ വീടിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തുന്നത് വരെ സ്ഥലത്തുണ്ടായിരുന്ന ഗുരു സ്വാമിയെ ഇതിന് ശേഷം കാണാതായി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തുള്ള പുരയിടത്തില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

കുമളിയില്‍ ഓട്ടോ ഡ്രൈവറായിരുന്ന സെന്തില്‍ കുമാര്‍, 130000 രൂപ ഗുരുസ്വാമിക്ക് കടമായി കൊടുത്തിരുന്നു. വെള്ളിയാഴ്ച ഈ പണം തിരികെ വാങ്ങാന്‍ പോയ സെന്തില്‍ കുമാറിനെ കാണാതാവുകയായിരുന്നു. സെന്തിലിന്റെ ഓട്ടോ അട്ടപ്പള്ളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശനിയാഴ്ച കണ്ടെത്തി. പണം തിരികെ വാങ്ങാനാണ് സെന്തില്‍കുമാര്‍ പോയിരുന്നത് എന്ന വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഗുരു സ്വാമിയെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയിരുന്നു. പണം വാങ്ങി എഗ്രിമെന്റ് തിരികെ തന്ന ശേഷം സെന്തില്‍കുമാര്‍ മടങ്ങിപ്പോയി എന്നാണ് ഗുരുസ്വാമി പൊലീസിനോട് പറഞ്ഞിരുന്നത്.

ഒരു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനു ശേഷം ഗുരുസ്വാമി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഗുരുസ്വാമിയുടെ വീടിന് സമീപത്തെ കുന്നിന്‍ ചരുവില്‍ കുറ്റിക്കാട്ടിലാണ് സെന്തില്‍കുമാറിന്റെ മൃതദേഹം കിടന്നിരുന്നത്. മണം പിടിച്ചെത്തിയ പൊലീസ് നായ് ഗുരുസ്വാമിയുടെ വീട്ടിലാണ് എത്തിയത്. വീടിനുള്ളില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇവിടെ വച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതിന്റെ സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണു അന്വേഷണ ചുമതല. കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സെന്തില്‍കുമാര്‍, ഗുരുസ്വാമി എന്നിവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button