തിരുവനന്തപുരം: പാദത്തിനടിയില്‍ ഒട്ടിച്ചശേഷം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17 ലക്ഷത്തിന്റെ സ്വര്‍ണവും 25 പായ്ക്കറ്റ് വിദേശ സിഗരറ്റുമായി വിമാനയാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് സ്വദേശി അബ്ദുല്‍ ഖാദറി(53)നെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഇയാളില്‍ നിന്ന് 650 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് പിടിച്ചെടുത്തത്. പ്രോട്ടീന്‍ പൗഡറില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം വലതുകാലിലെ പാദത്തിനടിയില്‍ വച്ചാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ നടത്തത്തിലും പെരുമാറ്റത്തിലുമുണ്ടായ സംശയത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
ദുബായില്‍നിന്നും വൈകീട്ട് അഞ്ചിനെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ ഇയാള്‍ സ്വര്‍ണക്കടത്തു സംഘത്തിലെ കണ്ണിയാണിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്ണേന്ദു രാജ മിന്റുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ മറ്റൊരു യാത്രക്കാരില്‍നിന്ന് 45 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും പിടിച്ചെടുത്തു.
Post Your Comments