Latest NewsIndiaNews

യു.പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

 

യു.പിയില്‍ പൊലീസും അക്രമികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. 26കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൌധരിയാണ് കൊല്ലപ്പെട്ടത്. അക്രമികളുമായ സംഘര്‍ഷത്തിനിടെ ഹര്‍ഷിന് അക്രമികളില്‍ നിന്നും വെടിയേല്‍ക്കുകയായിരുന്നു. 2016ലാണ് ഹര്‍ഷ് ചൌധരി പൊലീസ് സര്‍വീസില്‍ സേവനമാരംഭിച്ചത്.

പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രിമിനലുകള്‍ അംറോഹയിലെ ബച്ചാരോ മേഖലയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പൊലീസും അക്രമികളുമായി ഏറ്റമുട്ടല്‍ നടന്നത്. അക്രമികളിലൊരാളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതിനിടെ ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഹര്‍ഷ് ചൌധരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൌധരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു. അക്രമിയെ പിന്നീട് പൊലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളും ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. 19ഓളം ക്രിമിനല്‍ കേസുകള്‍ ഉള്ളയാളായിരുന്നു പ്രതിയായ ശിവധറെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട പൊലീസുകാരന്റെ ഭാര്യക്ക് 40ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10ലക്ഷവും യോഗി സര്‍ക്കാര്‍ നഷ്ടപരിഹരമായി പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 3026 ഏറ്റുമുട്ടലുകളിലായി 78 പേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. വധിച്ചത് കുറ്റവാളികളെയാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. സംസ്ഥാനത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ഹരീഷ് ചൌധരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button