Latest NewsKerala

2019ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ സി.എന്‍.എന്‍ ട്രാവല്‍ പട്ടികയിൽ കേരളവും

മനോഹരമായ 19 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്.

2019ല്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ സി.എന്‍.എന്‍ ട്രാവല്‍ പട്ടികയില്‍ കേരളവും ഇടംപിടിച്ചു. പ്രളയം ദുരിതം വിതച്ച കേരളത്തില്‍ ടൂറിസം മേഖലയ്ക്ക് പഴയ ഉണര്‍വിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ സി.എന്‍.എന്‍ തയാറാക്കിയ ഈ പട്ടികയില്‍ കേരളത്തിന് സ്ഥാനം ലഭിച്ചത് എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മനോഹരമായ 19 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്.

പട്ടികയില്‍ ഒമ്പതാമതാണ് കേരളത്തിന്റെ സ്ഥാനം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാര്‍ സംവിധാനത്തേക്കുറിച്ചും കൊച്ചിയേക്കുറിച്ചും സി.എന്‍.എന്‍ ലിസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ കേരളത്തിലെ ചെമ്മീന്‍ കറി രുചിക്കാന്‍ മറക്കരുതെന്നും ലിസ്റ്റില്‍ പറയുന്നുണ്ട്. ”മാസ്മരിക കാഴ്ചകളുടെ കേദാരഭൂമിയാണ് കേരളം. കടല്‍ തീരവും വര്‍ണശോഭയര്‍ന്ന സൂര്യന്റെ വിവിധഭാവങ്ങളും ഇവിടുത്തെ സംസ്‌കാരവും ഭക്ഷണവും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഹൗസ് ബോട്ടുകളും വന്യജീവിസങ്കേതങ്ങളും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായലും അങ്ങിങ്ങായി നിറഞ്ഞ് നില്‍ക്കുന്ന പനകളും കേരളത്തിലെത്തുന്ന സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിര്‍മയേകും. ഇതെല്ലാം ചേര്‍ന്ന് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നു.

2018-ല്‍ മഹാപ്രളയം കേരളത്തില്‍ ഏറെ നാശം വിതച്ചെങ്കിലും പല ടൂറിസ്റ്റ് മേഖലകളും ഈ കെടുതികളില്‍ അകപ്പെട്ടില്ല. പൂര്‍ണമായും സോളാര്‍ കൊണ്ട് വൈദ്യുതീകരിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് സന്ദര്‍ശകരെ വരവേല്‍ക്കുക. കൂടാതെ ഒരുകാലത്ത് പോര്‍ച്ചുഗീസ് അധീനതയിലായിരുന്ന കൊച്ചി സംസ്‌കാരവൈവിധ്യം നിറഞ്ഞതും സഞ്ചാരികള്‍ക്ക് കാണുവാനും അറിയുവാനും ഒരുപാട് കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പ്രദേശം കൂടിയാണ്. കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന കലാരൂപം; കഥകളി, അതിന്റെ വ്യത്യസ്തമായ വേഷവിതാനവും ഭാവാഭിനയവും കൊണ്ട് വിനോദസഞ്ചാരികളെ എന്നും വിസ്മയിപ്പിക്കുന്നു.

കേരളം മനോഹരമായ ബീച്ചുകളുടെ കാര്യത്തിലും പ്രശസ്തമാണ്, പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ പേരുകേട്ട നിരവധി ബീച്ചുകളുണ്ട്. ഛായാചിത്രങ്ങളെ വെല്ലുന്ന കോവളം ബീച്ച് സര്‍ഫിങ് പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്, മറ്റൊരു പ്രശസ്ത ബീച്ചായ വര്‍ക്കല സ്വച്ഛമായി വിശ്രമിക്കാനും സമയം ചിലവഴിക്കാനും പറ്റിയ സ്ഥലം എന്ന രീതിയില്‍ കേള്‍വി കേട്ടതാണ്.

ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പരന്നു കിടക്കുന്നു കായലുകളും അവയിലൂടെ സഞ്ചരിക്കാന്‍ ഹൗസ് ബോട്ടുകളും കെട്ടുവള്ളങ്ങളും ഉപയോഗിക്കുന്നു. കാഴ്ചകള്‍ ഹൗസ്‌ബോട്ടുകളില്‍ താമസിച്ചു കണ്ടു ആസ്വദിക്കാന്‍ സമയം കണ്ടെത്തിയാല്‍ ഈ യാത്ര കൂടതല്‍ ആനന്ദകരമാക്കാം.

സഞ്ചാരികള്‍ ഏറെ ആകര്‍ഷിക്കുന്ന കേരളത്തിലെ മറ്റൊരു പ്രദേശമാണ് മൂന്നാര്‍. തേയില തോട്ടങ്ങളും ദേശീയോദ്യാനവും പെരിയാര്‍ വന്യജീവിസങ്കേതത്തിലൂടെയുള്ള യാത്രകളുമാണ് മുന്നാറില്‍ നിങ്ങളെ കാത്തിരിക്കുന്നത്.” എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button