ഐ.എം ദാസ്
ശബരിമലയില്‍ അധികാരം ഉപയോഗിച്ചില്ലെങ്കില്‍ പൊലീസിന് തിരിച്ചടി, ഇവിടെ അധികാരം ഉപയോഗിച്ചതിന് ഇരുട്ടടി. അതാണ് നമ്മുടെ എല്ലാം ശരിയാക്കാന്‍ വന്ന പിണറായി സര്‍ക്കാരിന്റെ രീതി. പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടോന്ന് എസ്.പി. ചൈത്ര തെരേസ ജോണിന്റെ കാര്യം പരിശോധിച്ചാല്‍ വ്യക്തമാകും. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥ പൊലീസിന് കിട്ടിയ കൃത്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ് മേട്ടുക്കടയിലെ സിപിഎമ്മിന്റെ ജില്ലാ ഓഫീസില്‍ രാത്രി റെയ്ഡ് നടത്തിയത്. ആ കഥ ചുരുക്കി ഇങ്ങനെ വായിക്കാം
യുവവിപ്ലവകാരികളുടെ കല്ലെറിഞ്ഞ് പ്രതിഷേധം
അന്‍പതോളം പേരടങ്ങിയ ഡിവൈഎഫ്ഐ സംഘം ബുധനാഴ്ച രാത്രി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞു. ഇവര്‍ക്കെതിരെ പൊലീസ് എന്തെങ്കിലും നടപടി എടുത്തിട്ടായിരുന്നില്ല ആ പ്രതിഷേധം. മറിച്ച് പോക്സോ കേസില്‍ അറസ്റ്റിലായ 2 പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതാണ് യുവവിപ്ലവകാരികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്ഐ, സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പ്രതികളെ കണ്ടെത്തേണ്ട മെഡിക്കല്‍ കോളേജ് പൊലീസിന് അക്കാര്യത്തില്‍ വലിയ താതപര്യമൊന്നും ഇല്ലെന്ന് പൊലീസ് തലപ്പത്തുള്ളവര്‍ക്ക് ബോധ്യമായി. ഇതിന് പിന്നാലെ മുഖ്യപ്രതികളില്‍ ചിലര്‍ മേട്ടുക്കടയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
ചൈത്രയെ തടഞ്ഞ് നേതാക്കള്‍
ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. അപ്രതീക്ഷിതമായി പൊലീസ് എത്തിയപ്പോള്‍ നേതാക്കളും അണികളും ഞെട്ടിയെങ്കിലും കൂടുതല്‍ ആളുകളെ വരുത്തി അവര്‍ പൊലീസ് സംഘത്തെ തടഞ്ഞു. എന്നാല്‍ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്നന്ന് ഉറപ്പുള്ളതിനാല്‍ പരിശോധന നടത്താതെ പോകില്ലെന്നായി ഡിസിപി. പൊലീസിനെ അനുസരിക്കാന്‍ ആദ്യം കൂട്ടാക്കത്തവര്‍ പിന്നീട് വഴങ്ങി. പക്്ഷേ ഈ സമയംകൊണ്ട് അവര്‍ പ്രതികളെ സുരക്ഷിതാക്കി എത്തിക്കേണ്ടിടത്ത് എത്തിക്കുകയും ചെയ്തു, പാവം ചൈത്ര മാഡം പരിശോധന നടത്തിയെങ്കിലും പ്രതികളെ കെയ്യോടെ പിടികൂടാനാകാതെ തിരികെപ്പോയി. പക്ഷേ നോവിച്ചുവിട്ട സര്‍പ്പങ്ങള്‍ അടങ്ങിയിരിക്കുമോ..ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ടു സിപിഐഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിച്ചതോടെ ചൈത്ര തെരേസ ജോണിന്റെ കാര്യത്തില്‍ തീരുമാനമായി.
മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റം
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപിക്ക് മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റി നല്കി സര്‍ക്കാര്‍ മറുപടി നല്കി. അവധിയിലായിരുന്ന ഡിസിപി ആര്.ആദിത്യക്ക് പകരം എത്തിയ താല്കാലിക ചുമതലക്കാരിയയിരുന്നു തെരേസ. ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിച്ചതോടെയാണ് സഖാക്കള്‍ക്ക് സമാധാനമായത്. മാത്രമല്ല ആഭ്യന്തരവകുപ്പ് റെയ്ഡ് സംബന്ധിച്ച് ഡിസിപിയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. അതുകൊണ്ടും അവസാനിക്കുന്നില്ല ആ പാവം ഐപിഎസുകാരിയുടെ കഷ്ടകാലം. സാക്ഷാത് മുഖ്യമന്ത്രി പിണറായി വിജയന് വരെ ആ മാഡം ചെയ്തതിന്റെ നെറികേട് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അത്തരത്തിലുള്ളൊരു നീക്കമായിരുന്നു സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലെ റെയ്ഡെന്നുമാണ് മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളില്‍ റെയ്ഡ് നടക്കാറില്ലെന്നും അന്വേഷണങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കുകയാണെന്നും പിണറായി വിജയന് പറയുമ്പോള്‍ കേരളത്തതിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സാമൂഹിക ധാര്‍മിക ഉത്തരവാദിത്തങ്ങള്‍ അഭിനന്ദിക്കാതെ തരമില്ല.
താക്കീതുമായി മുഖ്യമന്ത്രി
സിപിഎമ്മിന്റെ പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും പാര്‍ട്ടി ഓഫിസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുമ്പോള്‍ റെയ്ഡ് നിയമപരമാണെന്നും എസ്.പി. ചൈത്ര തെരേസ ജോണിനെതിരെ നടപടി എടുത്താല്‍ പോലീസ് സേനയുടെ ആത്മവീര്യം തകരുകയും അത് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിക്കുന്നത്. എന്തായാലും പാര്‍ട്ടി ഓഫീസുകളെ തൊട്ടുകളിക്കാനുള്ള അധികാരമൊന്നും പൊലീസിനില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേ സര്‍ക്കാര്‍ തന്നെയാണ് കോടിക്കണക്കിന് വിശ്വാസികളുടെ അഭയസ്ഥാനമായ ശബരിമലയില്‍ പൊലീസിനെ കയറൂരി വിട്ടതൈന്നത് കൂടി ഓര്‍ക്കണം. പാര്‍ട്ടി ഓഫീസല്ലല്ലോ ശബരിമല. പിണറായിക്ക് പാര്‍ട്ടി ഓഫീസിന്റെ ആചാരവും സംസ്കാരവും സംരക്ഷിക്കപ്പെടേണ്ടതും പരിശുദ്ധമായി സൂക്ഷിക്കപ്പെടേണ്ടതുമാണ്. ശബരിമല എന്നത് പൊതു ആരാധനാലയം മാത്രമാണെന്നും അവിടെ എന്തുമാകാമെന്നും ഒരു സംസ്ഥാനത്തിന്റെ മന്ത്രി പ്രവൃത്തിയിലൂടെ തെളിയിച്ചതാണ്. ലജ്ജിക്കണം മുഴുവന്‍ കേരളവും പിണറായി എന്ന മുഖ്യമന്ത്രിയെ ഓര്‍ത്ത്…
Post Your Comments