Latest NewsGulf

അതിരുകള്‍ക്കപ്പുറവും റിപ്പബ്ലിക് ദിന ആഘോഷം; സ്‌നേഹം പങ്കുവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍

സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും ദേശാഭിമാനത്തിന്റെയും നിറവില്‍ രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനം ഗള്‍ഫ് രാജ്യങ്ങള്‍ ആഘോഷിച്ചു. ഒമാന്‍, ജിദ്ദ, യു.എ.ഇ എന്നിവിടങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് അരങ്ങേറിയത്. ഇന്ത്യ – യു.എ.ഇ ബന്ധത്തിന്റെ പ്രതീകമായി അബൂദബിയിലെയും ദുബൈയിലെയും പ്രധാന കെട്ടിടങ്ങള്‍ രാത്രി ഇന്ത്യന്‍ ദേശീയപതാകയുടെ ത്രിവര്‍ണത്തിലായി. എല്ലായിടത്തും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.

ദുബൈയില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലും, ദുബൈ ഫ്രെയിമിലും ഇന്ത്യന്‍ ദേശീയ പതാകയുടെ ത്രിവര്‍ണം നിറച്ചാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. അബൂദബി നഗരത്തിലെ ഗ്ലോബല്‍ മാര്‍ക്കറ്റ്, എമിറേറ്റ്‌സ് പാലസ്, ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് എന്നിവയും രാത്രി ത്രിവര്‍ണമണിഞ്ഞു. വിവിധ സ്‌കൂളിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതിരിപ്പിച്ചു.ഒമാനില്‍ ഇന്ത്യന്‍ എംബസ്സി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാവിലെ എട്ടരക്ക് ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവേര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം അദ്ദേഹം വായിച്ചു. സ്ത്രീ ശാക്തീകരണം, പ്രവാസി വോട്ട്, സ്വച്ച് ഭാരത്, ശാസ്ത്ര സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടം എന്നിങ്ങനെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞാണ് രാഷ്ട്രപതിയുടെ പ്രസംഗം.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് ആണ് ദേശീയ പതാകയുയര്‍ത്തിയത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ ഏറെ ആകര്‍ഷണീയമായിരുന്നു. സമാധാനത്തിന്റെ പ്രതീകമായി കോണ്‍സുല്‍ ജനറല്‍ പത്‌നി ഡോ. നസ്നീന്‍ റഹ്മാന്‍ 2 വെള്ളരിപ്രാവുകളെ വാനിലേക്ക് പറത്തിവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button