തൃശൂര്‍: കേരളത്തിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുയോഗത്തില്‍ ശബരിമല, സോളാര്‍ വിഷയങ്ങള്‍ ഉന്നയിച്ച് അദ്ദേഹം ശക്തമായ ഭാഷയില്‍ ഇരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേയും വിമര്‍ശനം എയ്തത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
പരിതാപകരം എന്ന് പറയട്ടെ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വലിയ ആക്രമണം നേരിടുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ്. ശബരിമല വിഷയം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും നേടിയ സംഭവമാണ്. കേരള സാംസ്കാരം എല്ലാ രീതിയിലും തകര്‍ക്കപ്പെടുന്ന അവസ്ഥയാണ് ശബരിമലയില്‍ ഉണ്ടായത്. എന്ത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരത്തെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ അതേ നിലപാടാണ് കോണ്‍ഗ്രസിനും യുഡിഎഫിനും. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ദില്ലിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്. അവരുടെ ഇരട്ടത്താപ്പ് ഇപ്പോള്‍ വെളിപ്പെട്ടു കഴിഞ്ഞു. അതൊന്നും ഇവിടെ വിലപോവില്ലെന്ന് അവര്‍ മനസ്സിലാക്കണം. സ്ത്രീ ശാക്തീകരണത്തിന്‍റെ കാര്യത്തില്‍ അവര്‍ക്കൊരു താത്പര്യവുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമത്തെ അവര്‍ എതിര്‍ക്കുമായിരുന്നില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുള്ള ചരിത്രമുണ്ടോ.
രാജ്യത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ വരുന്പോള്‍ മോദിയെ വെറുക്കുക എന്ന അജന്‍ഡയുമായാണ് പ്രതിപക്ഷത്തുള്ള സുഹൃത്തുകള്‍ വരുന്നത്. അവര്‍ക്ക് മറ്റൊരു രാഷ്ട്രീയവും മുന്നോട്ട് വയ്ക്കാനില്ല. അവര്‍ രാവിലെ എണീക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ മോദിയെ അപമാനിക്കല്‍ മാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളത്. നിങ്ങളെ കൊണ്ടാവും പോലെ എന്നെ അപമാനിച്ചോള്ളൂ പക്ഷേ ഇന്നാട്ടിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കരുത്. എന്നെ എങ്ങനെയും അധിക്ഷേപിച്ചോള്ളൂ പക്ഷേ നാട്ടിലെ ചെറുപ്പാക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് തടയരുത്. എത്ര വേണമെങ്കിലും എന്നെ അപമാനിച്ചോള്ളൂ പക്ഷേ മഹത്തായ ഈ രാജ്യത്തെ നിങ്ങള്‍ അപമാനിക്കരുത്.
കോണ്‍ഗ്രസുകാരാവട്ടെ കമ്മ്യൂണിസ്റ്റുകാരാവട്ടെ അവര്‍ക്ക് ഒരു ഭരണഘടനാ സ്ഥാപനങ്ങളോടും ബഹുമാനമില്ല. അവര്‍ക്ക് പൊലീസിനെ വിലയില്ല, സൈന്യത്തെ വിലയില്ല, സിബിഐയെ വിലയില്ല, സിഎജിയെ വിലയില്ല. ഇതെല്ലാം തെറ്റായ വഴിക്കാണ് പോകുന്നതെന്നാണ് അവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും അവര്‍ക്ക് അംഗീകരിക്കാന്‍ വയ്യ. ലണ്ടനില്‍ പോയി തിരഞ്ഞെടുപ്പ് സംവിധാനത്തെ അവര്‍ തള്ളിപ്പറഞ്ഞു. ആ പരിപാടിയില്‍ പങ്കെടുത്തതാവാട്ടെ ഒരു ഉന്നതകോണ്‍ഗ്രസ് നേതാവും.
കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ജനാധിപത്യത്തെക്കുറിച്ച് പറയുന്നത് തന്നെ വലിയ തമാശയാണ്. ആശയഗതി മറ്റൊന്നാണ് എന്നതിന്‍റെ പേരില്‍ മാത്രം എത്രയേറെ പേരാണ് കേരളത്തില്‍ കൊലപ്പെട്ടത്. ഇതേ സംസ്കാരമാണ് ഇപ്പോള്‍ മധ്യപ്രദേശിലും വ്യാപിക്കുന്നത്. അവിടെയും ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. അടിയന്തരാവസ്ഥ കാലത്തെ മാനസികാവസ്ഥയിലാണ് ഇപ്പോഴും പല കോണ്‍ഗ്രസ് നേതാക്കളും ജീവിക്കുന്നത്.
ഇന്ത്യയുടെ കരുത്ത് ഇന്ത്യയുടെ ജനാധിപത്യമാണ്. രാജ്യം ശക്തമാണെങ്കില്‍ ഇവിടെ ജനാധിപത്യം ശക്തമായി നിലനില്‍ക്കണം. തെരഞ്ഞെടുപ്പ് വരും പോകും. പക്ഷേ രാജ്യം നിലനില്‍ക്കും. മോദിയോടുള്ള വെറുപ്പിന്‍റെ പേരില്‍ രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളേയും ജനാധിപത്യവ്യവസ്ഥയേയും അപമാനിക്കുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും നിലനിര്‍ത്തണം. ഇന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്നതും നശിപ്പിക്കാന്‍ നോക്കുന്നതും പോരാതെ അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒരേ മനസാണ്.
Post Your Comments